എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി.ഇന്ന് വെംബ്ലിയിൽ നടന്ന ഫൈനലിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ആണ് സിറ്റിയും പെപും എഫ് എ കപ്പിൽ മുത്തമിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ക്യാപ്റ്റൻ ഗുണ്ടോഗൻ നേടിയ ഇരട്ട ഗോളുകൾ ആണ് സിറ്റിക്ക് കിരീടം ഉറപ്പിച്ചു കൊടുത്തത്.
ഇന്ന് വെംബ്ലിയിൽ കളി തുടങ്ങി സെക്കൻഡുകൾക്ക് അകം മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുക്കുന്നത് കാണാൻ ആയി. മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ ഒർടെഗ നൽകിയ ലോംഗ് ബോൾ ഡിഫൻഡ് ചെയ്യാൻ യുണൈറ്റഡ് പരാജയപ്പെടുകയും ഗുണ്ടോഗൻ ഒരു ഗംഭീര സ്ട്രൈക്കിലൂടെ ഗോൾ നേടുകയുമായിരുന്നു. 1-0. വെറും 12 സെക്കൻഡുകൾ മാത്രമേ ഈ ഗോൾ വീഴുമ്പോൾ ആയിരുന്നുള്ളൂ.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഗോളിൽ നിന്ന് കരകയറാം കുറച്ച് സമയം എടുത്തു. രണ്ടു ടീമുകളും ഇതിനു ശേഷം ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. മത്സരത്തിന്റെ 33ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിയിലേക്ക് തിരികെ വരാൻ അവസരം ലഭിച്ചു. പെനാൾട്ടി എടുത്ത ബ്രൂണോ ഫെർണാണ്ടസിന് ഒട്ടും പിഴച്ചില്ല. സ്കോർ 1-1.
രണ്ടാം പകുതി മാഞ്ചസ്റ്റർ സിറ്റി നന്നായി തുടങ്ങി. അവർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. കളിയുടെ 51ആം മിനുട്ടിൽ ഒരു കോർണറിലൂടെ ഗുണ്ടോഗൻ വീണ്ടും സിറ്റിക്ക് ലീഡ് നൽകി. ഇത്തവണയും പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെയാണ് ഗുണ്ടോഗൻ ഗോൾ കണ്ടെത്തിയത്. സ്കോർ 2-1.
മറുപടി ഗോൾ കണ്ടെത്താൻ ആകാത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക്സനെ പിൻവലിച്ച് ഗർനാചോയെ കളത്തിൽ ഇറക്കി. യുണൈറ്റഡിന് എന്നിട്ടും അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. 70ആം മിനുട്ടിൽ ഗൂണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റി മൂന്നാം ഗോൾ നേടി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു.
ഇഞ്ച്വരെഇ ടൈമിൽ യുണൈറ്റഡിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ ഗോളിന് അടുത്ത് എത്തി എങ്കിലും സമനില ഗോൾ വന്നില്ല. അവസാനം സിറ്റി വിജയം ഉറപ്പിക്കുകയുൻ ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയുടെ ഏഴാം എഫ് എ കപ്പ് കിരീടമാണിത്. ഇനി അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടെ വിജയിച്ചാൽ ട്രെബിൾ നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബായി മാഞ്ചസ്റ്റർ സിറ്റിക്ക് മാറാം.