പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ അവസാനിപ്പിച്ചു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഫുൾഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു യുണൈറ്റഡ് വിജയം. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ഇന്ന് 19ആം മിനുട്ടിൽ വില്യൻ എടുത്ത ഒരു കോർണറിൽ നിന്ന് ടെറ്റെയുടെ ഹെഡർ ഡിഹിയ കീഴ്പ്പെടുത്തി വലയിൽ എത്തി. സ്കോർ 0-1. അധികം വൈകാതെ ഫുൾഹാമിന് ലീഡ് ഇരട്ടിയാക്കാൻ അവസരം കിട്ടി. കസെമിറോ ചെയ്ത ഒരു ഫൗളിന് കിട്ടിയ പെനാൾട്ടി പക്ഷേ മിട്രോവിചിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഡി ഹിയ ഒരു മനോഹര സേവിലൂടെ ആ പെനാൾട്ടി തടഞ്ഞിട്ടു.
ഈ സേവ് യുണൈറ്റഡിന് ഊർജ്ജം തിരികെ നൽകി. 39ആം മിനുട്ടിൽ സാഞ്ചോയിലൂടെ യുണൈറ്റഡ് സമനില നേടി. ആദ്യ പകുതി 1-1 എന്ന് തുടർന്നു. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ബ്രൂണോ യുണൈറ്റഡിന് ലീഡ് നൽകി. ഫ്രെഡിന്റെ പാസിൽ നിന്നായിരുന്നു ബ്രൂണോയുടെ ഗോൾ. ബ്രൂണോയുടെ ഈ സീസൺ പ്രീമിയർ ലീഗിലെ എട്ടാം ഗോളായിരുന്നു ഇത്.
ഈ ഗോൾ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതോടെ 75 പോയിന്റുമായി 3ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫുൾഹാം 52 പോയിന്റുമായി 10ആം സ്ഥാനത്തും ഫിനിഷ് ചെയ്തു.