നിർണായകമായ അവസാന ലീഗ് മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്ന് 77 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഡെൽഹിക്ക് വേണ്ടി ക്യാപ്റ്റൻ വാർണർ മാത്രമാണ് ഇന്ന് പൊരുതിയത്. ഈ വിജയത്തോടെ 17 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. ലഖ്നൗ വലിയ മാർജിനിൽ അവരുടെ മത്സരം ജയിച്ചില്ല എങ്കിൽ ചെന്നൈ രണ്ടാം സ്ഥാനവും ഉറപ്പിക്കും.
ഇന്ന് 224 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡെൽഹിക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. 27 റൺസ് എടുക്കുന്നതിനുടയിൽ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 5 റൺസ് എടുത്ത പൃഥ്വി ഷാ, 3 റൺസ് എടുത്ത സാൾട്ട്, റൺ ഒന്നും എടുക്കാതെ റുസൊ എന്നിവർ നിരാശപ്പെടുത്തി. 13 റൺസ് എടുത്ത യാഷ് ദുൾ,15 റൺസ് എടുത്ത അക്സർ പട്ടേൽ എന്നിവരും വാർണറിനെ കാര്യമായി സഹായിക്കാതെ വിക്കറ്റ് കളഞ്ഞു.
വാർണർ ഇരു ഭാഗത്ത് ഒറ്റയ്ക്ക് പൊരുതി. 58 പന്തിൽ 86 റൺസ് എടുത്താണ് അദ്ദേഹം കളം വിട്ടത്. ചെന്നൈക്ക് വേണ്ടി ദീപക് ചാഹർ മൂന്ന് വിക്കറ്റും തീക്ഷണയും പതിരണഹും രണ്ട് വികറ്റു വീതവും എടുത്തു. തുശാർ ദേശ്പാണ്ടെ, ജഡേജ എന്നിവർ ഒരോ വിക്കറ്റും നേടി.
ഓപ്പണർമാരായ കോണ്വേയുടെയും റുതുരാജിന്റെയും മികവിലാണ് ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറിൽ 223-3 എന്ന സ്കോറിൽ എത്തിയത്. ഇന്ന് വിജയിച്ചാൽ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.
ചെന്നൈ സൂപ്പർ കിംഗ്സിന് ഗംഭീര തുടക്കമാണ് ഇന്ന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ അവർക്ക് 14 ഓവറിൽ 141 റൺസ് ചേർക്കാൻ ആയി. ഗെയ്ക്വാദും കോൺവേയും ഒരു ദയയും ഡെൽഹി ബൗളേഴ്സിനോട് കാണിച്ചില്ല. ഗെയ്ക്‌വാദ് 50 പന്തിൽ 79 റൺസ് എടുത്താണ് പുറത്തായത്. ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നത് ആയിരിന്നു ഗെയ്ക്വാദിന്റെ ഇന്നിംഗ്സ്.
ഗെയ്ക്വാദ് പോയതോടെ കോൺവേ പൂർണ്ണമായും ആക്രമണത്തിലേക്ക് നീങ്ങി. ക്രീസിൽ എത്തിയ ദൂബെയും ആക്രമിച്ചു കളിച്ചു. ദൂബെ 9 പന്തിൽ 22 റൺസ് എടുത്ത് പുറത്തായി. 3 സിക്സ് അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത ഓവറിൽ 52 പന്തിൽ 87 റൺസുമായി കോൺവേയും കളം വിട്ടു. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
അവസാനം ജഡേജയും (7 പന്തിൽ 22) ധോണിയും (4 പന്തിൽ 5) ചേർന്ന് സ്കോർ 220നും മുകളിലേക്ക് എത്തിച്ചു.