ജർമ്മൻ ബുണ്ടസ് ലീഗയിൽ വെറും രണ്ടു മത്സരങ്ങൾ മാത്രം അവശേഷിക്കുന്ന സമയത്ത് കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് ബൊറൂസിയ ഗ്ലെബാകിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത ബൊറൂസിയ ഡോർട്ട്മുണ്ട് ബയേണിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. 32 മിനിറ്റിനുള്ളിൽ എതിരാളികളെ തകർത്തു എറിഞ്ഞ പ്രകടനം ആണ് ഡോർട്ട്മുണ്ട് പുറത്ത് എടുത്തത്. അഞ്ചാം മിനിറ്റിൽ മാലനിലൂടെ മുന്നിൽ എത്തിയ ഡോർട്ട്മുണ്ടിനു 18 മത്തെ മിനിറ്റിൽ ഹാളറിനെ വീഴ്ത്തിയ പെനാൽട്ടി ലക്ഷ്യം കണ്ട ജൂഡ് ബെല്ലിങ്ഹാം രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടു മിനിറ്റിനുള്ളിൽ മാലന്റെ പാസിൽ നിന്നു മികച്ച ബാക് ഹീൽ ഫിനിഷിലൂടെ മൂന്നാം ഗോൾ കണ്ടത്തിയ സെബാസ്റ്റ്യൻ ഹാളർ ഡോർട്ട്മുണ്ടിന് വലിയ ആവേശം സമ്മാനിച്ചു.
32 മത്തെ മിനിറ്റിൽ മാലന്റെ തന്നെ പാസിൽ നിന്നു നാലാം ഗോൾ നേടിയ ഹാളർ ഡോർട്ട്മുണ്ട് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ഗ്ലെബാകിന്റെ തിരിച്ചു വരാനുള്ള ശ്രമങ്ങൾ കാണാൻ ആയി. 75 മത്തെ മിനിറ്റിൽ താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട റമി ഒരു ഗോൾ തിരിച്ചടിച്ചു. 85 മത്തെ മിനിറ്റിൽ പകരക്കാരനായ ലൂക നെറ്റ്സിന്റെ പാസിൽ നിന്നു ഗോൾ നേടിയ മറ്റൊരു പകരക്കാരൻ ലാർസ് സ്റ്റിന്റിൽ ഒരു ഗോൾ കൂടി ഗ്ലെബാകിന് ആയി മടക്കി. എന്നാൽ മത്സരത്തിന്റെ ഇഞ്ച്വറി സമയത്തെ അവസാന നിമിഷം പെനാൽട്ടി വഴങ്ങിയതിനു പകരമായി ഗോൾ നേടിയ ജിയോ റെയ്ന ഡോർട്ട്മുണ്ടിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. അടുത്ത മത്സരത്തിൽ ഡോർട്ട്മുണ്ട് ഓഗ്സ്ബർഗിനെ നേരിടുമ്പോൾ ബയേണിന് ആർ.ബി ലൈപ്സിഗ് ആണ് എതിരാളികൾ.