തരം താഴ്ത്തൽ മുന്നിൽ കണ്ടു എസ്പന്യോൾ! വിയ്യറയലിനോടും പരാജയം

Wasim Akram

സ്പാനിഷ് ലാ ലീഗയിൽ കറ്റാലൻ ടീം ആയ എസ്പന്യോൾ തുടരുമോ എന്ന കാര്യം സംശയത്തിൽ. ഇന്ന് വിയ്യറയലിനോടു 4-2 നു പരാജയപ്പെട്ടതോടെ 19 സ്ഥാനത്ത് ഉള്ള അവർക്ക് തരം താഴ്ത്തൽ ഒഴിവാക്കാൻ അത്ഭുതം വേണ്ടി വരും. അതേസമയം ജയത്തോടെ വിയ്യറയൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയുടെ അവസാന നിമിഷം കോർണറിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ഹാവി പുവാഡോ എസ്പന്യോളിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

എസ്പന്യോൾ

എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് കൂടുതൽ ആവേശത്തോടെ കളിക്കുന്ന വിയ്യറയൽ ടീമിനെ ആയിരുന്നു. 53 മത്തെ മിനിറ്റിൽ ഡാനി പരേഹോയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ നേടിയ എറ്റിയൻ കപൗ വിയ്യാറയലിന് സമനില സമ്മാനിച്ചു. 63 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് വിയ്യറയലിന് അനുകൂലമായി പെനാൽട്ടി ലഭിച്ചതോടെ എസ്പന്യോൾ കൂടുതൽ പരുങ്ങി. ഡാനി പരേഹോയുടെ പെനാൽട്ടി എസ്പന്യോൾ ഗോൾ കീപ്പർ രക്ഷിച്ചു എങ്കിലും തുടർന്ന് പോസ്റ്റിൽ തട്ടി തിരിച്ചു വന്ന പന്ത് വലയിൽ എത്തിച്ച ഡാനി പരേഹോ വിയ്യറയലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

10 മിനിറ്റിനുള്ളിൽ മാർട്ടിൻ ബ്രെത്വെയിറ്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഹോസലു എസ്പന്യോളിനെ ഒരിക്കൽ കൂടി മത്സരത്തിൽ ഒപ്പം എത്തിച്ചു. എന്നാൽ 80 മത്തെ മിനിറ്റിൽ ആൽബർട്ടോ മൊറേനോയുടെ ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ നിക്കോളാസ് ജാക്സൺ വിയ്യറയലിനെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ കപൗ വിയ്യറയൽ ജയം ഉറപ്പിക്കുക ആയിരുന്നു. അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ എഡു എക്‌സ്പോസിറ്റോക്ക് ചുവപ്പ് കാർഡ് കൂടി കണ്ടതോടെ എസ്പന്യോൾ പരാജയം ഉറപ്പായി.