എഫ്സി ബാഴ്സലോണയുടെ സ്വപ്ന പ്രോജക്റ്റ് ആയ എസ്പായി ബാഴ്‌സക്ക് വേണ്ടിയുള്ള സാമ്പത്തിക പിന്തുണ ടീം ഉറപ്പിച്ചു. ഫിനാൻസ് – ഇൻവെസ്റ്റ്മെന്റ് രംഗത്തെ അതികായകരായ ജെപി മോർഗൻ, ഗോൾഡ്മാൻ സാക്സ് അടക്കം ഇരുപതോളം വരുന്ന സ്ഥാപനങ്ങളുമായി ബാഴ്‌സലോണ കരാർ ഒപ്പിട്ടു. ഇവരുമായി ചർച്ചകൾ നടത്തി വരികയായിരുന്നു. പ്രോജെക്റ്റിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ തന്നെ സാമ്പത്തിക രംഗത്തെ ഭീമന്മാരുമായി ധാരണയിൽ എത്തിയതായി ബാഴ്‌സലോണ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. “വിവിധ കാലത്തേക്കാണ് ഓരോ ഗ്രൂപ്പുമായും ധാരണയിൽ എത്തിയിട്ടുള്ളത്. ഇതിൽ 5 മുതൽ 24 വർഷം ഉണ്ട്. സൗകര്യാർത്ഥം മാറ്റങ്ങൾ വരുത്താവുന്ന രീതിയിൽ ആണ് കരാറുകൾ. സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാവുന്ന മുറക്ക് പണം തിരിച്ചടച്ചു തുടങ്ങും. ഇതിന് പുതിയ സ്റ്റേഡിയത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കും. ഏകദേശം 247 മില്യൺ യൂറോയാണ് വാർഷിക വരുമാനമായി പ്രതീക്ഷിക്കുന്നത്”. ബാഴ്‌സ അറിയിച്ചു. പലിശ നിരക്ക് തുടക്കത്തിൽ 6 ശതമാനത്തിൽ താഴെയും പിന്നീട് കുറവ് വരുന്ന രീതിയിലും ആവും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന.
1450 മില്യൺ യൂറോയാണ് ആകെ എസ്പായി ബാഴ്‌സ പ്രോജക്റ്റിൽ മുടക്കുന്ന തുക. ഇതാണ് 20ഓളം വരുന്ന സ്ഥാപനങ്ങളിൽ നിന്നും സ്വരുകൂട്ടിയത്. കരാർ ഒപ്പിട്ട ശേഷം ബാഴ്‌സ പ്രസിഡന്റ് ലപോർട മാധ്യമങ്ങളെ കണ്ടു. കടുത്ത പ്രതിസന്ധികളും പല തിരിച്ചടികൾക്കും ഇടയിൽ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചതിൽ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. ഉക്രൈൻ യുദ്ധമടക്കം അന്താരാഷ്ട്ര തലത്തിലെ പ്രശ്നങ്ങൾക്ക് ഇടയിലും ബാഴ്‌സയെ വിശ്വസിച്ച സ്ഥാപനങ്ങളെ ലപോർട അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയം തന്നെ ആരാധകർക്കായി ഒരുക്കും എന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ് ന്യൂവിന്റെ അറ്റകുറ്റപണികൾ നിലവിൽ തുടങ്ങിയിട്ടുണ്ട്. ടർക്കിഷ് കമ്പനി ഏറ്റെടുത്ത ക്യാമ്പ് ന്യൂവിന്റെ പുനരുദ്ധാരണം ജൂണിൽ ആരംഭിക്കും. തുടർന്ന് ഒളിമ്പിക് സ്റ്റേഡിയത്തിൽ ആവും ബാഴ്‌സ അടുത്ത സീസണിൽ പന്ത് തട്ടുക. 2024 നവംബറോടെ ഏകദേശം 70 ശതമാനം കപ്പാസിറ്റിയിൽ ക്യാമ്പ് ന്യൂ വീണ്ടും ഉപയോഗ സജ്ജമാവും എന്നാണ് ബാഴ്‌സയുടെ കണക്ക് കൂട്ടൽ. എന്നാൽ 2026 ഓടെ മാത്രമേ പണികൾ പൂർണമായി അവസണിക്കൂ.
Download the Fanport app now!