എസി മിലാനിൽ തുടരുമെന്ന് വ്യക്തമാക്കി പോർച്ചുഗീസ് താരം റഫയേൽ ലിയോ. നാപോളിയെ കീഴടക്കി ചരിത്ര സെമിയിലേക്ക് ടീമിനെ നയിച്ച ശേഷമാണ് താരം തന്റെ മനസ് തുറന്നത്. താരത്തിന് മിലാനിൽ ഒരു വർഷത്തെ കരാർ കൂടിയാണ് ബാക്കിയുള്ളത്. യൂറോപ്പിലെ വമ്പന്മാർ എല്ലാം ഇപ്പോൾ തന്നെ മുന്നേറ്റ താരത്തിന് പിറകെ പണക്കിലുക്കവുമായി ഉണ്ട്. എന്നാൽ ടീമുമായി കഴിഞ്ഞ കുറച്ചു വാരങ്ങളായി കരാർ ചർച്ചകൾ മുന്നോട്ടു പോകുന്നില്ല. ഇത് ലിയോയുടെ മിലാനിലെ ഭാവിയെ കുറിച്ച് സംശയം പടർത്തിയിരുന്നു.
ചാമ്പ്യൻസ് ലീഗിൽ നാപോളിയുമായുള്ള രണ്ടാം പാദത്തിൽ മത്സരത്തിന്റെ താരമായി തിരെഞ്ഞെടുക്കപെട്ട ശേഷം സംസാരിക്കുകയായിരുന്നു ലിയോ. മിലാനിൽ തുടരുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ, “തീർച്ചയായും മിലാനിൽ തുടരണം എന്നാണ് ആഗ്രഹം. എന്നാൽ ചില കാര്യങ്ങളിൽ തങ്ങൾക്ക് ധാരണയിൽ എത്താനുണ്ട്. ഇപ്പോഴും ടീമുമായി ഒരു വർഷത്തെ കരാർ തനിക്ക് ബാക്കിയുണ്ട്. മിലാൻ സ്വന്തം വീട് പോലെയാണ്”, താരം തുടർന്നു “എന്നാൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി ടീം ചാമ്പ്യൻസ് ലീഗ് സെമിയിൽ എതിയെന്നുള്ളതാണ്. ഇതൊരു മികച്ച സീസണാണ്. തുടർന്നും തനിക്ക് ടീമിനെ സഹായിക്കണം”. കഴിഞ്ഞ ദിവസം ആഴ്സനൽ താരത്തിന് വേണ്ടി ഓഫർ നൽകിയതായി ചില വാർത്തകളും പുറത്തു വന്നിരുന്നു. മിലാൻ ഭാരവാഹികളും ലിയോയുടെ കരാർ പുതുക്കാൻ കഴിയും എന്ന വിശ്വാസത്തിൽ ആണ്.