ബ്രസീലിയ താരം ആന്റണിയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസിന്റെ തോൽപ്പിച്ചു. ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന നൽകി ആന്റണി തിളങ്ങിയ കളിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് ജയിച്ചത്. കെയ്ലർ നെവസിന്റെ മികച്ച പ്രകടനം ഇല്ലായിരുന്നു എങ്കിൽ യുണൈറ്റഡ് വലിയ മാർജിനിൽ ഇന്ന് ജയിച്ചേനെ.
പരിക്ക് കാരണം പല പ്രധാന താരങ്ങളും ഇല്ലായിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ഹാമിൽ മികച്ച ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. ബ്രൂണോ ഫെർണാണ്ടസിന്റെ ഗംഭീര പ്രകടനം കണ്ട ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സൃഷ്ടിച്ചു. 32ആം മിനുട്ടിലാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ വന്നത്. ബ്രൂണോ തുടങ്ങിയ ആക്രമണം മാർഷ്യലിൽ എത്തിച്ചു. മാർഷ്യലിന്റെ ഷോട്ട് നെവസ് തടഞ്ഞു എങ്കിലും ബോക്സിലേക്ക് ഓടിയെത്തിയ ആന്റണി പന്ത് വലയിലേക്ക് തന്നെ തിരിച്ചുവിട്ടു. ആന്റണിയുടെ ഒക്ടോബറിനു ശേഷമുള്ള ആദ്യ ലീഗ് ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ ലീഡ് ഇരട്ടിയാക്കാൻ യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും നെവസ് വൻ മതിലായി നിന്നു. ഏഴോളം മികച്ച സേവുകൾ ആണ് നെവസ് നടത്തിയത്. അവസാനം 76ആം മിനുട്ടിൽ ഡാലോട്ടിലൂടെ യുണൈറ്റഡ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി. ആന്റണിയുടെ മികച്ച റണ്ണിന് ഒടുവിൽ വന്ന പാസ് ഡാലോട്ടിനെ കണ്ടെത്തുക ആയിരുന്നു. ഡാലോട്ട് അനായാസം പന്ത് ഗോൾ വലക്ക് അകത്താക്കി. സ്കോർ 2-0.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 30 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. ഫോറസ്റ്റ് 27 പോയിന്റുമായി റിലഗേഷൻ സോണിൽ നിൽക്കുന്നു.