യുഫേഫ യൂറോപ്പ ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ സ്വന്തം മൈതാനത്ത് സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു യുവന്റസ്. രണ്ടാം പകുതിയിൽ പ്രതിരോധതാരം ഫെഡറികോ ഗട്ടിയുടെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആണ് ഇറ്റാലിയൻ വമ്പന്മാർക്ക് ജയം നൽകിയത്. ആദ്യ പകുതിയിൽ ഇരു ഗോൾ കീപ്പർമാരുടെയും മികവ് ആണ് മത്സരത്തിൽ ഗോൾ പിറക്കുന്നത് തടഞ്ഞത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾക്ക് മുമ്പ് നെഞ്ചു വേദന കാരണം യുവന്റസ് ഗോൾ കീപ്പർ വോയ്സിനിക് ചെസ്നി കളം വിട്ടത് സങ്കട കാഴ്ചയായി.
മത്സരത്തിൽ ഇടക്ക് ഡി മരിയ സ്പോർട്ടിങ് പ്രതിരോധം പരീക്ഷിച്ചപ്പോൾ പോർച്ചുഗീസ് ടീം ആണ് കൂടുതൽ അപകടകാരികൾ ആയത്. 73 മത്തെ മിനിറ്റിൽ ഡി മരിയയും വ്ലാഹോവിചും ചേർന്നു ഒരുക്കിയ അവസരത്തിനു ഒടുവിൽ റീബോണ്ട് ഗോൾ ആക്കി മാറ്റിയ ഗട്ടി യുവന്റസിന് ജയം സമ്മാനിക്കുക ആയിരുന്നു. സമനിലക്ക് ആയുള്ള സ്പോർട്ടിങ് ശ്രമങ്ങൾ മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ പകരക്കാരൻ ഗോൾ കീപ്പർ മാറ്റിയ പെരിൻ തടയുക ആയിരുന്നു. ആഴ്സണലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ എത്തിയ സ്പോർട്ടിങ് പോർച്ചുഗലിൽ വലിയ വെല്ലുവിളി ആവും യുവന്റസിന് നൽകുക എന്നുറപ്പാണ്.