ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ 19 കാരനായ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ അവസാനിപ്പിച്ചത് ആയി റിപ്പോർട്ടുകൾ. താരത്തിന്റെ കടുത്ത ആരാധകൻ ആയ ക്ലോപ്പും ക്ലബിനെ താൽപ്പര്യം ഉള്ള ജൂഡും ഒന്നിക്കും എന്ന ലിവർപൂൾ ആരാധകരുടെ പ്രതീക്ഷകൾക്ക് ആണ് ഇതോടെ അന്ത്യമായത്. കഴിഞ്ഞ കുറെ മാസങ്ങൾ ആയി ലിവർപൂൾ താരത്തിന്റെ പിന്നിലും ഉണ്ടായിരുന്നു. എന്നാൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ റെക്കോർഡ് തുകക്ക് ജൂഡിനെ സ്വന്തമാക്കാൻ ലിവർപൂളിന് നിലവിൽ ആവില്ല.
നിലവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധ്യത ഇല്ലാത്തതും ടീമിൽ അധികമുള്ള മധ്യനിര താരങ്ങളെ വിൽക്കേണ്ടതും ലിവർപൂളിന് മുന്നിലുള്ള വെല്ലുവിളി ആണ്. അതിനാൽ തന്നെ താരത്തിന് ആയി സമയം കളയാതെ മറ്റു താരങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ആണ് ലിവർപൂൾ ശ്രമം. ചെൽസിയുടെ മേസൻ മൗണ്ട്, കൊണോർ ഗാലഗർ, ബ്രൈറ്റണിന്റെ മോയിസസ് കായിസെഡോ, അലക്സിസ് മകാലിസ്റ്റർ വോൾവ്സിന്റെ മാതിയസ് നുനസ് എന്നിവർ ലിവർപൂളിന് താൽപ്പര്യം ഉള്ളവർ ആണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജൂഡിനെ നിലവിൽ റെക്കോർഡ് തുകക്ക് സ്വന്തമാക്കാൻ കൂടുതൽ സാധ്യത റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ ആണ്. 2025 വരെ ഡോർട്ട്മുണ്ടും ആയി കരാറുള്ള മുൻ ബിർമിങ്ഹാം സിറ്റി താരം ഒരു കൊല്ലം കൂടി ജർമ്മനിയിൽ തുടരാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.