ഇന്റർ മിലാൻ താരം ഹകൻ ചൽഹനൊഗ്ലു പുതിയ കരാറിൽ ഒപ്പിടും. താരവുമായി നേരത്തെ ധാരണയിൽ എത്തിയ ഇന്റർ സാങ്കേതിക നടപടികൾ എല്ലാം ഉടനെ പൂർത്തിയാക്കും എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം ഉടനെ പുതിയ കരാറിൽ ഒപ്പിടും. ഇതോടെ 2027 വരെ ടീമിൽ തുടരാൻ ചൽഹനൊഗ്ലുവിനാവും. ഏകദേശം അഞ്ച് മില്യൺ യൂറോയോളമാകും താരത്തിന്റെ പുതിയ വരുമാനം എന്നാണ് സൂചനകൾ. 2021ലാണ് താരം എസി മിലാൻ വിട്ട് ഇന്ററിലേക്ക് എത്തുന്നത്.
യുവതാരം ബസ്ത്തോനിക്ക് വേണ്ടിയുള്ള കരാറും ഇന്റർ തയ്യാറാക്കുന്നുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സീസണോടെ സക്രിനിയർ ടീം വിടും എന്നതിനാൽ ബസ്ത്തോനിയെ ദീർഘകാല കരാറുമായി ടീമിൽ നില നിർത്താൻ ആണ് ഇന്ററിന്റെ നീക്കം. അതേ സമയം ഒരു പിടി മുൻ നിര താരങ്ങൾ ആണ് സീസൺ അവസാനിക്കുന്നതോടെ ടീം വിടാൻ പോകുന്നത്. ലോണിൽ എത്തിയ അസർബി, ലുക്കാകു, ബെല്ലാനോവ എന്നിവർ തിരിച്ചു പോകുമ്പോൾ ഹാന്റനോവിച്ച്, ഡി ആംബ്രോസിയോ, കൊർഡസ്, ഗഗ്ലിയർഡിനി, സക്രിനിയർ തുടങ്ങി പല താരങ്ങളുടെയും കരാറും അവസാനിക്കും. ഇതിൽ പലരെയും ടീമിൽ നിലനിർത്തേണ്ടതും ഇന്ററിന്റെ ആവശ്യമാണ്. അതിനാൽ തന്നെ സീസൺ അവസാനിക്കുമ്പോൾ ചെറുതല്ലാത്ത പ്രതിസന്ധി ആണ് ടീമിന് മുന്നിൽ ഉണ്ടാവുക. എഡിൻ സെക്കോയും കരാർ അവസാനിക്കുന്നവരുടെ പട്ടികയിൽ ഉണ്ട്.