എൽ ക്ലാസികോ ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് ക്യാമ്പ്നൂവിൽ നടന്ന എൽ ക്ലാസികോയിൽ ഇഞ്ച്വറി ടൈം ഗോളിൽ ആണ് ബാഴ്സലോണ വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ബാഴ്സലോണ തിരിച്ചടിച്ച് 2-1ന്റെ വിജയം നേടി. ഈ വിജയം ബാഴ്സലോണയെ ലാലിഗ കിരീടത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു.
ഇന്ന് മത്സരം ആരംഭിച്ച് 8 മിനുട്ടുകൾക്ക് അകം തന്നെ റയൽ മാഡ്രിഡ് ലീഡ് എടുത്തു. എൽ ക്ലാസികോക്ക് മുന്നേ ഏറെ സംസാരിക്കപ്പെട്ട അറോഹോ വിനിഷ്യസ് പോരാട്ടത്തിനിടയിൽ ആയിരുന്നു ആ ഗോൾ വന്നത്. വിനീഷ്യസിന്റെ ഒരു ക്രോസ് അറോഹോയുടെ തലയിൽ തട്ടി സെൽഫ് ഗോളായി. സ്കോർ 1-0.
ഇതിനു ശേഷം മറുവശത്ത് കോർതോയ്ക്ക് പിടിപ്പതു പണീ ഉണ്ടായി. കോർതോയുടെ ഒന്നു രണ്ടു ലോകോത്തര സേവുകൾ കാണാൻ ആയി. ആദ്യ പകുതിയുടെ അവസാന നിമിഷം സെർജി റൊബേർടോയിലൂടെ സാവിയുടെ ബാഴ്സലോണ സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു എങ്കിലും വിജയ ഗോൾ മാത്രം വന്നില്ല.
അവസാനം ആഞ്ചലോട്ടി അസൻസിയോയെ സബ്ബാക്കി ഇറക്കി 81ആം മിനുട്ടിൽ അസൻസിയോ റയലിനായി രണ്ടാം ഗോൾ നേടി.എന്നാൽ വാർ പരിശോധനയിൽ ആ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിച്ചു. മത്സരം ഇഞ്ച്വറി ടൈമിൽ ഇരിക്കെ ഫ്രാങ്ക് കെസ്സിയിലൂടെ ബാഴ്സലോണയുടെ വിജയ ഗോൾ വന്നു. അതു കഴിഞ്ഞു തിരിച്ചടിക്കാൻ റയലിന് സമയം ഉണ്ടായിരുന്നില്ല.
ഈ വിജയത്തോടെ ബാഴ്സലോണ 26 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 56 പോയിന്റുമായി റയൽ മാഡ്രിഡ് ആണ് രണ്ടാമത്. 12 മത്സരങ്ങൾ മാത്രം ശേഷിക്കെ 12 പോയിന്റിന്റെ ലീഡ് ബാഴ്സക്ക് ഉണ്ട്.