ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ സെവിയ്യയിൽ കളിക്കുന്ന അലക്സ് ടെല്ലസിനെ സ്പാനിഷ് ക്ലബ് സ്ഥിര കരാറിൽ സ്വന്തമാക്കില്ല. താരം സ്പാനിഷ് ക്ലബിനൊപ്പം നല്ല പ്രകടനങ്ങൾ നടത്തുന്നു എങ്കിലും ടെല്ലസിനെ സ്വന്തമാക്കാൻ വലിയ തുക നൽകേണ്ടി വരും എന്നത് കിണ്ട് താരത്തെ ലോൺ കഴിഞ്ഞാൽ യുണൈറ്റഡിലേക്ക് തന്നെ തിരികെ അയക്കും. അതിനു ശേഷം യുണൈറ്റഡ് ടെല്ലസിനെ വിൽക്കാനുള്ള ശ്രമങ്ങൾ തുടരും.
സ്പെയിനിൽ സെവിയ്യയിൽ തന്നെ തുടരാൻ താൻ ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ടെല്ലസ് പറഞ്ഞിരുന്നു. ലൂക് ഷോ, മലാസിയ എന്നിവർ ഉള്ളത് കൊണ്ട് തന്നെ ടെല്ലസിനെ ടെൻ ഹാഗിനു കീഴിൽ അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് യുണൈറ്റഡ് താരത്തെ ലോണിൽ അയച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് സീസൺ മുമ്പ് ആണ് ടെല്ലസ് എത്തിയത്. പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും രണ്ടു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ട്. 27കാരനായ താരത്തെ 14 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് സൈൻ ചെയ്തത്.