ആൻഫീൽഡിലേറ്റ വലിയ പരാജയം മറന്നു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ റയൽ ബെറ്റിസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഗംഭീര തുടക്കമാണ് ലഭിച്ചത്. മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ യുണൈറ്റഡ് ഇന്ന് ലീഡ് എടുത്തു. മാർക്കസ് റാഷ്ഫോർഡിന്റെ ഒരു പവർഫുൾ സ്ട്രൈക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. റാഷ്ഫോർഡിന്റെ സീസണിൽ 26ആം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചു. വെഗോർസ്റ്റ് മാത്രം രണ്ട് സുവർണ്ണാവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് കാണാൻ ആയി.
മത്സരത്തിന്റെ 32ആം മിനുട്ടിൽ തങ്ങൾക്ക് കിട്ടിയ ആദ്യ അവസരങ്ങൾ റയൽ ബെറ്റിസ് തിരിച്ചടിച്ചു. അയോസി പെരസാണ് സമനില ഗോൾ നേടിയത്. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 52ആം മിനുറ്റിൽ ആന്റണിയുടെ ഒരു ലോകോത്തര സ്ട്രൈക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിൽ നേടിയ ഏറ്റവും സുന്ദരമായ ഗോളായിരുന്നു ഇത്.
ഈ ഗോൾ പിറന്ന് ആറു മിനുട്ടുകൾക്ക് ശേഷം ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് ഉയർത്തി. ലൂക് ഷോയുടെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബ്രൂണൊയുടെ ഗോൾ. സ്കോർ 3-1. ഇതിനു ശേഷം ആന്റണിക്കും വെഗോസ്റ്റിനും ലീഡ് ഉയർത്താൻ നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും നാലാം ഗോൾ വരാൻ സമയമെടുത്തു.
82ആം മിനുട്ടിൽ സബ്ബായി എത്തിയ ഫകുണ്ടോ പെലിസ്ട്രിയുടെ ഒരു ഗംഭീര നീക്കം ബെറ്റിസ് ഡിഫൻസിനെ ഞെട്ടിച്ചു. ഈ നീക്കത്തിൽ നിന്ന് തന്നെ വെഗോർസ്റ്റിലൂടെ യുണൈറ്റഡ് നാലാം ഗോൾ നേടി.
അടുത്ത വ്യാഴാഴ്ച രണ്ടാം പാദ യൂറോപ്പ ലീഗ് മത്സരം നടക്കും.