ആഴ്സണൽ പതറുന്നുവോ എന്ന ചോദ്യത്തിന് ആഴ്സണൽ പോരാട്ട വീര്യം കൊണ്ട് മറുപടൊ പറഞ്ഞു. ഇന്ന് ആസ്റ്റൺ വില്ലയോട് രണ്ടു തവണ പിറകിൽ പോയിട്ടും പതറാതെ പൊരുതിയ ആഴ്സണൽ ഇഞ്ച്വറി ടൈമിൽ രണ്ടു ഗോൾ നേടിയാണ് 4-2ന്റെ വിജയം ഉറപ്പിച്ചത്
ഇന്ന് ആറാം മിനിറ്റിൽ സ്ട്രൈക്കർ ഒല്ലി വാട്കിൻസിലൂടെ ലീഡ് നേടിയ ആതിഥേയർക്ക് സ്വപ്നതുല്യമായ തുടക്കം ആണ് ലഭിച്ചത്. ഇടത് കാൽ കൊണ്ട് ഒരു ടൈറ്റ് ആംഗിളിൽ നിന്നായിരുന്നു വാറ്റ്കിൻസിന്റെ ഫിനിഷ്.
ഒന്ന് ഞെട്ടി എങ്കിലും, ആഴ്സണൽ പെട്ടെന്ന് പ്രതികരിച്ചു, വെറും പത്ത് മിനിറ്റിനുള്ളിൽ ബുക്കയോ സാക്കയിലൂടെ അവർ സമനില പിടിച്ചു. യുവ വിംഗറുടെ പവർഫുൾ ഷോട്ട് എമി മാർട്ടിനസിന് നോക്ക് നിൽക്കാനെ ആയുള്ളൂ.
32-ാം മിനിറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ ആസ്റ്റൺ വില്ല ലീഡ് തിരിച്ചുപിടിച്ചു. ബ്രസീലിയൻ പ്ലേമേക്കർ ഒരു ടീം നീക്കം ആണ് മികച്ച രീതിയിൽ ഫിനിഷ് ചെയ്തത്. സ്കോർ 2-1. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ വീണ്ടും തിരിച്ചടിച്ച ആഴ്സണൽ 61-ാം മിനിറ്റിൽ ഒലെക്സാണ്ടർ സിൻചെങ്കോയിലൂടെ സമനില പിടിച്ചു. ഉക്രേനിയൻ മിഡ്ഫീൽഡർ ബോക്സിന്റെ എഡ്ജിൽ നിന്ന് തൊടുത്ത ഷോട്ട് ഗോളാവുക ആയിരുന്നു. താരത്തിന്റെ പ്രീമിയർ ലീഗിലെ ആദ്യ ഗോളാണിത്. സ്കോർ 2-2.
76ആം മിനുട്ടിൽ ആഴ്സണൽ ക്യാപ്റ്റൻ ഒഡെഗാർഡിന് ഒരു തുറന്ന അവസരം കിട്ടി. താരത്തിന്റെ ഷോട്ട് ലക്ഷ്യം കാണാതിരുന്നത് ഏവരെയും ഞെട്ടിച്ചു. പിന്നാലെ ബെയ്ലിയുടെ ഒരു ഷോട്ട് മറുവശത്ത് പോസ്റ്റിൽ തട്ടിയും മടങ്ങി. ഇരുടീമുകളും വിജയ ഗോളിനായി സമ്മർദം ചെലുത്തി. 93ആം മിനുട്ടിൽ ആണ് പെനാൾട്ടി ബോക്സിന് പുറത്ത് വെച്ച് ജോർജീഞ്ഞോയുടെ ഷോട്ട് വന്നത്. ആ ഷോട്ട് പോസ്റ്റിൽ തട്ടിയെങ്കിൽ ഗോൾ കീപ്പർ എമി മാർട്ടിനസിന്റെ ദേഹത്ത് തട്ടി വലയിലേക്ക് തന്നെ വീണു സ്കോർ. 3-2.
അവസാന നിമിഷം ഒരു കോർണറിൽ സമനില കണ്ടെത്താനായി എമി മാർട്ടിനസ് എതിർ പെനാൾട്ടി ബോക്സിൽ പോയ തക്കത്തിൽ ഒരു കൗണ്ടറിലൂടെ മാർട്ടിനെല്ലിയിലൂടെ ഒഴിഞ്ഞ പോസ്റ്റിൽ പന്ത് എത്തിച്ചു കൊണ്ട് ആഴ്സണൽ നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു.
ആഴ്സണൽ ജയം അറിയാത്ത തുടർച്ചയായ നാലു മത്സരങ്ങൾക്ക് ശേഷമാണ് വിജയ വഴിയിൽ എത്തുന്നത്. 54 പോയിന്റുമായി അവർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു, രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 3 പോയിന്റ് മാത്രം മുന്നിലാണ് അവർ ഇപ്പോൾ.