ചെന്നൈ ബ്ലിറ്റ്‌സിനെ തോല്‍പ്പിച്ചു, ബെംഗളൂരു ടോര്‍പ്പിഡോസിന് തുടര്‍ച്ചയായ രണ്ടാം ജയം

Newsroom

Picsart 23 02 16 23 04 16 697
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 16 ഫെബ്രുവരി 2023: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ രണ്ടാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ തോല്‍പ്പിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ് തങ്ങളുടെ വിജയ കുതിപ്പ് തുടര്‍ന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-11, 8-15, 15-10, 15-13, 10-15 എന്ന സ്‌കോറിനാണ് ബെംഗളൂരു ടോര്‍പ്പിഡോസിന്റെ ജയം. ബെംഗളൂരിന്റെ ഐബിന്‍ ജോസ് ആണ് കളിയിലെ മികച്ച താരം. സീസണില്‍ ബെംഗളൂരിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

Picsart 23 02 16 23 04 03 629

മധ്യനിരയില്‍ ലിബറോ മിഥുന്‍ കുമാറിനെ ലക്ഷ്യമിട്ട കളിച്ച ചെന്നൈ ബ്ലിറ്റ്‌സ്, വൈശാഖ് രഞ്ജിത്തിന്റെ തുടക്കത്തിലെ പിഴവുകള്‍ മുതലെടുത്ത് സ്‌കോറിങ് തുടങ്ങി. ഷ്വെറ്റെലിന്‍ സ്വെറ്റനോവിന്റെ ഭീഷണിയെ തുഷാര്‍ ലവാറെയുടെ തകര്‍പ്പന്‍ ബ്ലോക്കുകളിലൂടെയാണ് ചെന്നൈ പ്രതിരോധം നേരിട്ടത്. എന്നാല്‍ ഷ്വെറ്റനോവ് പന്തില്‍ കൂടുതല്‍ അവകാശം നേടിയതോടെ കളിഗതി ബെംഗളൂരിന് അനുകൂലമായി.

ശക്തമായ സ്‌പൈക്കുകളിലൂടെ റെനാറ്റോ ബെംഗളൂരു ടോര്‍പ്പിഡോസിന്റെ പിന്‍നിരയെ പരീക്ഷിച്ചു. സെര്‍വീസ് പിഴവുകള്‍ കൂടി വന്നതോടെ ബെംഗളൂരുവിന്റെ ആവേശം കെട്ടു. എന്നാല്‍ മധ്യനിരയില്‍ ഐബിന്‍ ജോസും ഷ്വെറ്റനോവും ഒത്തുചേര്‍ന്നതോടെ ചെന്നൈ പതറി.

അഖിന്റെ അഭാവത്തില്‍, നായകന്‍ നവീന്‍ രാജ ജേക്കബ് മധ്യനിരയില്‍ നിന്ന് തന്റെ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തി. സര്‍വീസ് ലൈനില്‍ നിന്ന് ടോര്‍പ്പിഡോസിന്റെ പ്രതിരോധ പോരാട്ടം വിഫലമാക്കിയ ജോബിന്‍ വര്‍ഗീസ് ബ്ലിറ്റ്‌സിനെ കളിയിലെ നിയന്ത്രണം വീണ്ടെടുക്കാനും സഹായിച്ചു.

സ്‌പൈക്ക് പിഴവുകള്‍ ആവര്‍ത്തിച്ചതോടെ ബെംഗളൂരു ടോര്‍പ്പിഡോസ് കളിയില്‍ താളം വീണ്ടെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ഐബിന്‍ തന്റെ ബ്ലോക്കുകള്‍ ഉപയോഗിച്ച് ടീമിനെ തിരിച്ചുവരവിന് സഹായിച്ചു. സേതു ടി.ആര്‍ കളത്തിലെത്തിയതോടെ ബെംഗളൂരിന്റെ ഗെയിംപ്ലേയില്‍ സ്ഥിരതയുണ്ടായി, ഇതോടെ സ്‌കോറിങും മാറി.

മുജീബ് എം.സി, ഐബിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ബെംഗളൂരു പ്രതിരോധം പെട്ടെന്ന് ബ്ലിറ്റ്‌സില്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. മധ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കാന്‍ ചെന്നൈ നിര്‍ബന്ധിതരായി. എന്നാല്‍ അഖിന്‍ ജി.എസിന്റെ സ്ഥാനത്ത് സമാനമായ സ്വാധീനം ചെലുത്താന്‍ സീതാ രാമ രാജുവിന് കഴിഞ്ഞില്ല. അലിറേസ അബലൂച്ചിന്റെ സ്‌പൈക്കുകളും, സ്വന്തം ബോക്കിങ് പിഴവുകളും ചെന്നൈയുടെ തിരിച്ചുവരവ് പ്രതീക്ഷകളെ തകര്‍ത്തു. മത്സരം 3-2ന് ജയിച്ച ടോര്‍പ്പിഡോസ് രണ്ട് പോയിന്റ് കൂടി അക്കൗണ്ടിലാക്കുകയും ചെയ്തു.

2023 ഫെബ്രുവരി 17 വെള്ളിയാഴ്ച റുപ പ്രൈം വോളിബോള്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് ഏഴിന് അഹമ്മദാബാദ് ഡിഫന്റേഴ്‌സും മുംബൈ മിറ്റിയോര്‍സും തമ്മിലാണ് ആദ്യ മത്സരം. 9.30ന് രണ്ടാം മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും.

ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.