പുതിയ ടോട്ടൻഹാം സ്റ്റേഡിയം മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ബാലി കേറാ മലയായി തുടരും. ഒരിക്കൽ കൂടെ അവർ സ്പർസിന്റെ ഹോമിൽ പരാജയപ്പെട്ടു. ഇന്ന് നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ 1-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി.
15-ാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം റോഡ്രിയുടെ പിഴവിൽ നിന്ന് ടോട്ടൻഹാമിന്റെ ഹാരി കെയ്നാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. കെയ്ൻ ഈ ഗോളോടെ സ്പർസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി മാറി.
നിരവധി അവസരങ്ങൾ സ്പർസ് ഇന്ന് സൃഷ്ടിച്ചെങ്കിലും ലീഡ് ഉയർത്താൻ അവർക്ക് ആയില്ല.മറുവശത്ത് റിയാദ് മഹ്റസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ അവസരം. 86-ാം മിനിറ്റിൽ ടോട്ടൻഹാം ഡിഫൻഡർ റൊമേരോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആതിഥേയ ടീമിന് മത്സരത്തിന്റെ അവസാന ഘട്ടങ്ങൾ ദുഷ്കരമാക്കി. എങ്കിലും അവസാന വിസിൽ വരെ പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞു.
ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ടോട്ടൻഹാം അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 45 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. സിറ്റി ആഴ്സണലുമായുള്ള ഗ്യാപ് കുറക്കാനുള്ള അവസരമാണ് നഷ്ടമാക്കിയത്.