എംഎൽഎസിൽ നിന്നും റൈറ്റ് ബാക്ക് ജൂലിയൻ അരോഹോയെ എത്തിക്കാനുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾ അവസാനിച്ചു. താരത്തെ കൈമാറാൻ ലോസ് അഞ്ചലസ് ഗാലക്സിയും ബാഴ്‌സലോണയും തമ്മിൽ ധാരണയിൽ എത്തിയെങ്കിലും സാങ്കേതിക തകരാർ മൂലം കൈമാറ്റ നടപടികൾ പൂർത്തിയാക്കുന്നതിൽ ചെറിയ കാല താമസം നേരിട്ടിരുന്നു. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു പതിനെട്ട് സെക്കന്റുകൾക്ക് ശേഷമാണ് കരാർ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത് എന്നും സാങ്കേതിക തകരാർ ആയത് കൊണ്ട് ഫിഫയെ സമീപിക്കും എന്നും ബാഴ്‌സലോണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കൈമാറ്റത്തിന് എതിരായി ഫിഫയുടെ നിർദ്ദേശം വന്നതോടെയാണ് അരോഹോയെ എത്തിക്കാനുള്ള ബാഴ്‌സയുടെ സ്വപ്നം പൊലിഞ്ഞത്.
നടപടി ഫിഫയിലെ നിന്നും ആയത് കൊണ്ട് തന്നെ ഇതിന്റെ മറ്റ് രീതിയിൽ ചോദ്യം ചെയ്യാനും ബാഴ്‌സക്ക് ആവില്ല. തുടർച്ചയായ രണ്ടാമത്തെ ട്രാൻസ്ഫർ വിൻഡോയിലാണ് ജൂലിയൻ അരോഹോയെ എത്തിക്കാനുള്ള ബാഴ്‌സയുടെ ശ്രമങ്ങൾ ഫലം കാണാതെ പോവുന്നത്. റൈറ്റ് ബാക്ക് സ്ഥാനത്ത് ബെല്ലാരിൻ ടീം വിടുകയും സെർജി റോബർട്ടോയുടെ ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് പകരക്കാരമായി ഒരു മികച്ച താരത്തെ എത്തിക്കാൻ ആയിരുന്നു ബാഴ്‌സയുടെ ശ്രമം. ആദ്യം ലോണിൽ താരത്തെ എത്തിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ അടുത്ത ട്രാൻസ്ഫർ വിൻഡോയിലും താരത്തിന് വേണ്ടി ബാഴ്‌സലോണ ശ്രമിക്കുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു.