ബുണ്ടസ് ലീഗയിൽ വീണ്ടും സമനിലക്കുരുക്കിൽ ബയേൺ മ്യൂണിക്ക്. ഇന്ന് ജർമ്മനിയിൽ ഓരോ ഗോൾ വീതമടിച്ചാണ് ബയേണും ഫ്രാങ്ക്ഫർട്ടും പോയന്റ് പങ്കിട്ട് പിരിഞ്ഞത്. ബയേണിന് വേണ്ടി ലെറോയ് സാനെയും ഫ്രാങ്ക്ഫർട്ടിനായി കോളോ മുവാനിയും ഗോളടിച്ചു. ബയേണിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത്. ഇതിന് മുൻപ് കൊളോനിനെതിരെയും ലെപ്സിഗിനെതിരെയും ബയേൺ സമനില വഴങ്ങിയിരുന്നു.
കളിയുടെ തുടക്കം മുതൽ തന്നെ ബയേണിന് വേണ്ടി സാനെ ഫ്രാങ്ക്ഫർട്ടിന്റെ കെവിൻ ട്രാപ്പിനെ പരീക്ഷിച്ച് തുടങ്ങിയിരുന്നു. സാനെയും മുള്ളറും കിമ്മിഷും തുടർച്ചയായി ഫ്രാങ്ക്ഫർട്ട് ഗോൾമുഖത്തേക്ക് പാഞ്ഞടുത്തുകൊണ്ടിരുന്നു. 34ആം മിനുട്ടിൽ സാനെയിലൂടെ ബയേൺ ആദ്യ ഗോൾ നേടി. മുള്ളറുടെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ സാനെ ഫ്രാങ്ക്ഫർട്ട് ഗോൾ വല കുലുക്കി. രണ്ടാം പകുതിയിൽ ഗോട്സെയുടെ വരവിലൂടെ ഫ്രാങ്ക്ഫർട്ട് കളിയിൽ തിരികെയെത്താൻ ശ്രമിച്ചു. കമാഡെയും ബോരെയും ഇറക്കി ഫ്രാങ്ക്ഫർട്ട് കളിയിലേക്ക് തീരികെ വരാൻ ശ്രമിക്കുകയും ഫലം കാണുകയും ചെയ്തു. കാമാഡയുടെ പന്ത് സോമറിനെ കാഴ്ച്ചക്കാരനാക്കി കോളോ മുവാനി ബയേണിന്റെ വലയിലേക്ക് അടിച്ച് കയറ്റി. 2023ൽ ഒരു ജയത്തിനായി ബയേണിന്റെ കാത്തിരിപ്പ് തുടരുകയാണ്.