മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ പരമ്പര അവസാനിപ്പിച്ച് ക്രിസ്റ്റൽ പാലസ്. ഇന്ന് എവേ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനിലയിലാണ് കുരുങ്ങിയത്. ഇഞ്ച്വറി ടൈമിൽ നേടിയ ഫ്രീകിക്ക് ഗോളിലാണ് പാലസ് സമനില നേടിയത്.
ഇന്ന് പുതിയ സ്ട്രൈക്കർ വെഗോസ്റ്റിനെ സ്ട്രൈക്കറാക്കി ഇറക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളി തുടങ്ങിയത്. പാലസിന്റെ ഡിഫൻസീഫ് ലൈൻ ബ്രേക്ക് ചെയ്യുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് എളുപ്പമായിരുന്നു. ആദ്യ പകുതിയിൽ അവർക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. മത്സരത്തിന്റെ 43ആം മിനുട്ടിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. എറിക്സൺ നൽകിയ പാസ് സ്വീകരിച്ചായിരുന്നു ബ്രൂണോയുടെ ഫിനിഷ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ മത്സരത്തിലും ബ്രൂണോ ഗോൾ നേടിയിരുന്നു.
ആദ്യ ഗോൾ പുറക്കുന്നതിന് രണ്ട് മിനുട്ട് മുമ്പ് ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ച ഒരു അത്ഭുത സേവ് നടത്തിയിരുന്നു. രണ്ടാം പകുതിയിൽ 75ആം മിനുട്ടിലും ഡി ഹിയയുടെ മികച്ച സേവ് യുണൈറ്റഡിന് രക്ഷയായി. പാലസ് മത്സരത്തിന്റെ അവസാനത്തോട് അടിക്കും തോറും കൂടുതൽ അറ്റാക്കുകൾ നടത്തി. 81ആം മിനുട്ടിൽ കസെമിറോക്ക് മഞ്ഞ കാർഡ് കിട്ടിയത് യുണൈറ്റഡിന് തിരിച്ചടിയായി. കസെമിറോയ്ക്ക് ആഴ്സണലിന് എതിരായ മത്സരം സസ്പെൻഷൻ കാരണം നഷ്ടമാകും എന്ന് ഈ മഞ്ഞ കാർഡോടെ ഉറപ്പായി.
അവസാനം വരെ പൊരുതി നിന്ന ക്രിസ്റ്റൽ പാലസ് 91ആം മിനുട്ടിൽ സമനില ഗോൾ നേടി. എലിസെയുടെ ഒരു ലോകോത്തര ഫ്രീകിക്ക് ആണ് യുണൈറ്റഡിനെ ഞെട്ടിച്ച് കൊണ്ട് വലയിൽ കയറിയത്.
ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 39 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. പാലസ് 23 പോയിന്റുമായി 12ആം സ്ഥാനത്തും നിൽക്കുന്നു.