യുവതാരം ഗവി ഗോളും അസിസ്റ്റുകളുമായി കളം നിറഞ്ഞപ്പോൾ സൂപ്പർ കോപ്പ ഡി എസ്പാനയുടെ എൽ ക്ലാസിക്കോ ഫൈനലിൽ ബാഴ്സലോണക്ക് ആധികാരിക വിജയം. ഗവിയും ലെവെന്റോവ്സ്കിയും പെഡ്രിയും ബാഴ്സക്കായി വല കുലുക്കിയപ്പോൾ റയൽ മാഡ്രിഡിന്റെ ആശ്വാസ ഗോൾ കരീം ബെൻസിമ നേടി. റൊണാൾഡ് കോമാന് കീഴിൽ കോപ്പ ഡെൽ റേ നേടിയ ശേഷം വലിയ ഒരിടവേളയ്ക്ക് ശേഷമാണ് ബാഴ്സലോണ വീണ്ടും ഒരു കിരീടം നേടുന്നത്. സാവിക്കും ബാഴ്സ കോച്ചായ ശേഷം ആദ്യ കിരീടത്തിൽ മുത്തമിടാൻ ആയി. അതും റയലിനെ തന്നെ കീഴടക്കി ആവുമ്പോൾ കൂടുതൽ മധുരമായുള്ളതാകുന്നു.
പരിക്കൊന്നും അലട്ടാതിരുന്ന പൂർണ സജ്ജരായ ടീമിൽ നിന്നും തന്റെ ഏറ്റവും മികച്ച സ്ക്വാഡിനെ തന്നെ ഇറക്കാൻ സാവിക്കായി. ഇടത് വിങ്ങിൽ ഗവിയെ കൊണ്ടുവരാനുള്ള നീക്കവും നിർണായകമായി. റൈറ്റ് ബാക്ക് സ്ഥാനത്ത് അരോഹോ വിനിഷ്യസിനെ കൃത്യമായി പൂട്ടുക കൂടി ചെയ്തതോടെ കളത്തിൽ സാവിയുടെ പദ്ധതികൾ എല്ലാം കൃത്യമായി നടപ്പാവുകയായിരുന്നു. ചൗമേനി ഇല്ലാതെ ഇറങ്ങിയ റയൽ ആവട്ടെ, കമാവിംഗ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാതിരുന്നതോടെ മധ്യനിര പൂർണമായും ബാഴ്സക്ക് അടിയറവ് വെച്ചു. കരീം ബെൻസിമക്കും കൂടുതലായൊന്നും ചെയ്യാൻ ഇല്ലായിരുന്നു.
തുടക്കം മുതൽ പന്തിന്മേലുള്ള ആധിപത്യം കൈവശപ്പെടുത്തി ബാഴ്സലോണ മത്സരം വരുതിയിലാക്കി. പതിമൂന്നാം മിനിറ്റിൽ ഗവിയുടെ ഒരു നീക്കത്തിന് ശേഷം ലെവെന്റോവ്സ്കി തൊടുത്ത ഷോട്ട് കുർട്ടോ രക്ഷപ്പെത്തിയത് പോസ്റ്റിൽ ഇടിച്ചാണ് മടങ്ങിയത്. മുപ്പതിമൂന്നാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. മധ്യനിരയിൽ ബാസ്ക്വറ്റ്സ് നേടിയെടുത്ത ബോൾ പെഡ്രി വഴി ലെവെന്റോവ്സ്കിയിലേക്ക് എത്തി. കൃത്യമായി ഓടിക്കയറിയ ഗവിയിലേക്ക് ബോൾ എത്തിയപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. ഇടവേളക്ക് പിരിയുന്നതിന് തൊട്ടു മുൻപ് ബാഴ്സ ലീഡ് വർധിപ്പിച്ചു. ഡിയോങ്ങിന്റെ മികച്ചൊരു പാസ് പിടിച്ചെടുത്ത് ഓടിക്കയറിയ ഗവി ബോസ്കിനുള്ളിൽ ലെവെന്റോസ്കിക്ക് അവസരം ഒരുക്കുകയായിരുന്നു.
അപകടം മണത്ത ആൻസലോട്ടി രണ്ടാം പകുതിയിൽ റോഡ്രിഗോയുമായാണ് കളത്തിൽ ഇറങ്ങിയത്. ആദ്യ നിമിഷങ്ങളിൽ സമ്മർദ്ദം നടത്താൻ റയലിനായെങ്കിലും ബാഴ്സ പ്രതിരോധം ഉറച്ചു തന്നെ നിന്നു. അറുപതിയെട്ടാം മിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്സ മൂന്നാം ഗോൾ നേടി. ഇത്തവണയും മൈതാന മധ്യത്തിൽ മിലിറ്റാവോയിൽ നിന്നും പന്ത് വീണ്ടെടുത്ത ഗവിയുടെ നീക്കം തന്നെയാണ് നിർണായകമായത്. താരത്തിന്റെ അസിസ്റ്റിൽ പെഡ്രി അനായാസം ലക്ഷ്യം കണ്ടു. തിരിച്ചു വരവിന് കോപ്പ് കൂട്ടിയ റയൽ മുന്നേറ്റത്തിനൊടുവിൽ റോഡ്രിഗോ നേടിയ മികച്ചൊരു ഷോട്ട് ടെർ സ്റ്റഗൻ മുഴുനീള ഡൈവിങ്ങിലൂടെ രക്ഷിച്ചെടുത്തു. ഇഞ്ചുറി ടൈമിൽ ബെൻസിമയുടെ ഷോട്ട് ടെർ സ്റ്റഗൻ സേവ് ചെയ്തത് തിരിച്ച് ഫ്രഞ്ച് താരത്തിന്റെ കാലുകളിൽ തന്നെ എത്തിയപ്പോൾ അവസരം മുതലെടുത്താണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്.