പോളണ്ട് പരിശീലക സ്ഥാനത്തേക്ക് സ്റ്റീവൻ ജെറാർഡും

20230116 125021

പോളണ്ട് ദേശിയ ടീം പരിശീലക സ്ഥാനത്തേക്ക് സ്റ്റീവൻ ജെറാർഡ് എത്താനുള്ള സാധ്യതകൾ ശക്തമാകുന്നു. മുൻ ലിവർപൂൾ താരത്തിന് വേണ്ടി പോളണ്ട് നീക്കങ്ങൾ നടത്തുന്നതായി പോളിഷ് മാധ്യമങ്ങൾ തന്നെയാണ് ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയത്. സൗത്ത് കൊറിയൻ കോച്ച് പൗലോ ബെന്റോ, സ്വിറ്റ്സർലന്റ് കോച്ച് ആയിരുന്ന പെറ്റ്കോവിച്ച്, സൗദി അറേബ്യൻ കോച്ച് ഹേർവെ റെനാർഡ് എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും നിലവിൽ ജെറാർഡിന് തന്നെയാണ് മുൻഗണന എന്നാണ് സൂചനകൾ. ചർച്ചകൾ മുന്നോട്ടു പോവുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം ജെറാർഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

അതേ സമയം ജെറാർഡിനെ കൊണ്ടു വരുന്നതിന് എതിരെ മുൻതാരങ്ങൾ അടക്കം വിമർശനം ഉന്നയിക്കുന്നുണ്ട്. ആസ്റ്റൻ വില്ലയിലെ മോശം പ്രകടനമാണ് ജെറാർഡിന് തിരിച്ചടി ആവുന്നത്. സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനവുമായാണ് ജെറാർഡ് ആസ്റ്റൻ വില്ലയിലേക്ക് എത്തിയത്. 2011ന് ശേഷം ആദ്യമായി റേഞ്ചേഴ്സിന് ലീഗ് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ മോശം പ്രകടനത്തിന് പിറകെ ആസ്റ്റൻ വില്ല അദ്ദേഹത്തെ പുറത്താക്കി. തുടർന്ന് മറ്റ് ചുമതലകൾ ഒന്നും ജെറാർഡ് ഏറ്റെടുത്തിട്ടില്ല.