സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രധാന സ്ക്വാഡിനെ ഇറക്കില്ല. ഇന്ന് വാർത്താ സമ്മേളനത്തിൽ പരിശീലകൻ ഇവാൻ വുകമാനോവിച് ആണ് സൂപ്പർ കപ്പിനെ കുറിച്ച് സംസാരിച്ചത്. സൂപ്പർ കപ്പ് ടീമിന് കുറച്ച് അധികം മത്സരങ്ങൾ നൽകും എങ്കിലും വേറെ ഒന്നും നൽകാൻ പോകുന്നില്ല എന്നും അതുകൊണ്ട് തന്നെ പല ടീമുകൾക്കും വലിയ മോട്ടിവേഷൻ സൂപ്പർ കപ്പ് കളിക്കാൻ ഉണ്ടാകില്ല എന്നും വുകമാനോവിച് പറഞ്ഞു.
ഡൂറണ്ട് കപ്പ് എന്ന പോലെ രണ്ടാം ടീമിനെ ആകും എല്ലാവരും കളിപ്പിക്കുക എന്നും കോച്ച് പറഞ്ഞു. സീസൺ കഴിയുന്നതോടെ വിദേശ താരങ്ങൾ രാജ്യം വിടാൻ ആണ് സാധ്യത. അതുകൊണ്ട് വിദേശ താരങ്ങൾ ക്ലബിനൊപ്പം ഉണ്ടാകില്ല. ഏഷ്യൻ കപ്പ് മുന്നിൽ ഉള്ളത് കൊണ്ട് ഇന്ത്യൻ ദേശീയ ടീം താരങ്ങൾ ദേശീയ ക്യാമ്പിലും ആയിരിക്കും. സൂപ്പർ കപ്പിന് യുവതാരങ്ങളെ കളിപ്പിക്കാൻ ഉള്ള അവസരം മാത്രം ആയിരിക്കും എന്ന് ഇവാൻ പറഞ്ഞു.
ക്ലബ് സൂപ്പർ കപ്പിന് അയക്കുന്ന ടീമിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ല. എങ്കിലും ഡൂറണ്ട് കപ്പ് പോലെ യുവതാരങ്ങളെ ആകും കേരള ബ്ലാസ്റ്റേഴ്സ് അണിനിരത്തുക. അവരുടെ വളർച്ചക്ക് സൂപ്പർ കപ്പ് സഹായിക്കും. കോച്ച് പറഞ്ഞു. ഇത്തവണ ഏപ്രിലിൽ കേരളത്തിൽ വെച്ച് ആകും സൂപ്പർ കപ്പ് നടക്കുക.