ബൊറൂസിയ ഡോർട്ട്മുണ്ട് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാളർ പരിശീലനം പുനരാരംഭിച്ചു. ടെസ്റ്റികുലാർ ക്യാൻസർ ചികിത്സയിൽ ആയതിനാൽ അവസാന മാസങ്ങളിൽ ഹാളർ കളത്തിന് പുറത്തായിരുന്നു. ഐവേറിയൻ ഇന്റർനാഷണലും മുൻ അയാക്സ് താരവും ആയ ഹാളർ കഴിഞ്ഞ സമ്മറിൽ ആയിരുന്നു ഡോർട്മുണ്ടിൽ എത്തിയത്. ഡോർട്മുണ്ടിനായി അരങ്ങേറ്റം നടത്തുന്നതിന് മുമ്പ് തന്നെ താരത്തിന് രോഗം വില്ലനായി എത്തി.
താൻ തിരികെ എത്തി എന്നും ഈ യാത്ര എളുപ്പമായിരുന്നില്ല എന്നും ഇന്നലെ ഹാളർ സാമൂഹിക മാധ്യമങ്ങളിൽ പറഞ്ഞു. നിങ്ങളുടെ പിന്തുണയാണ് എനിക്ക് ശക്തിയായത് എന്നും ഹാളർ കുറിച്ചു. കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഹാളറിന്റെ രോഗം കണ്ടെത്തിയത്. രണ്ട് ശസ്ത്രക്രിയക്ക് ആണ് താരം വിധേയനായത്. 28-കാരൻ പരിശീലനത്തിലേക്ക് താമസിയാതെ ഡോർട്മുണ്ടിനായി കളിക്കാൻ ആകും എന്നാണ് പ്രതീക്ഷ.