ലോകകപ്പിൽ ഇനി സെമി പോരാട്ടങ്ങൾ. ഇന്ന് അവസാന ക്വാർട്ടർ ഫൈനലുകൾ കൂടെ കഴിഞ്ഞതോടെ സെമി ഫൈനലിൽ ലൈനപ്പ് പൂർണ്ണമായി. ഡിസംബർ 13ന് ചൊവ്വാഴ്ച അർധരാത്രി നടക്കുന്ന ആദ്യ സെമി ഫൈനലിൽ മെസ്സിയുടെ അർജന്റീനയും മോഡ്രിചിന്റെ ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടും. ബ്രസീലിനെ ഞെട്ടിച്ച് കൊണ്ട് സെമിയിലേക്ക് വന്ന ക്രൊയേഷ്യ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ ആകും ലക്ഷ്യമിടുന്നത്.
അർജന്റീന മെസ്സിക്ക് ഒരു ലോക കിരീടം എന്ന മിഷനിലാണ്. ആ മിഷൻ മുന്നിൽ നിന്ന് നയിക്കുന്നത് മെസ്സി തന്നെയാണ്. ക്വാർട്ടറിൽ നെതർലന്റ്സിനെ ആയിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്. ഇനി ശേഷിക്കുന്ന ടീമുകളിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമും അർജന്റീന തന്നെയാണ്.
രണ്ടാം സെമിയിൽ ബുധനാഴ്ച രാത്രി ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും. ആഫ്രിക്കയിൽ നിന്ന് ആദ്യമായി ലോകകപ്പ് സെമിയിൽ എത്തുന്ന ടീമായി മാറിയ മൊറോക്കോ ഇനി അത്ഭുതം കൂടെ കാണിക്കുമോ എന്നാകും എല്ലാവരും നോക്കുന്നത്. ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നീ വമ്പന്മാർ ഇതിനകം മൊറോക്കോയ്ക്ക് മുന്നിൽ മുട്ടുമടക്കി കഴിഞ്ഞു.
ഫ്രാൻസ് ഇംഗ്ലണ്ടിനെ ആണ് ക്വാർട്ടറിൽ വീഴ്ത്തിയത്. ലോക കിരീടം നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമെ അവർക്ക് മുന്നിൽ ഉള്ളൂ.