ഇന്ന് ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിൽ ഒരു ചരിത്രമാണ് പിറന്നത്. ഇഷൻ കിഷൻ ഇന്ന് ഏറ്റവും വേഗതയാർന്ന ഏകദിന ഇരട്ട സെഞ്ച്വറിയുടെ അർഹനായി. 126 പന്തിൽ ആണ് ഇഷൻ കിഷൻ 200 കടന്നത്. ഡബിൾ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായും ഇഷൻ കിഷൻ മാറി. രോഹിതിന് പകരം ആദ്യ ഇലവനിൽ എത്തിയ ഇഷൻ കിഷൻ ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് ആണ് തകർത്തത്.
24-കാരൻ 85 പന്തിൽ സെഞ്ച്വറി തികച്ചു, തുടർന്ന് കൂടുതൽ ആക്രമിച്ച് 126 പന്തിൽ 200 തികച്ചു. 131 പന്തിൽ 210 റൺസ് എടുത്താണ് താരം പുറത്തായത്. 24 ബൗണ്ടറികളും പത്ത് സിക്സറുകളും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്സ്.
ഇതോടെ ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് താരം മറികടന്നു. 2015 ഓസ്ട്രേലിയ ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ 138 പന്തിൽ നിന്നാണ് ഗെയ്ൽ തന്റെ ഇരട്ട സെഞ്ച്വറി നേടിയത്.