പരിക്കേറ്റിട്ടും ഏഴാമനായി ഇറങ്ങി അവിശ്വസനീയ ഇന്നിംഗ്സുമായി രോഹിത്, ഇന്ത്യയ്ക്ക് 5 റൺസ് തോൽവി

Sports Correspondent

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. 272 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിൽ 20 റൺസ് വേണ്ടപ്പോള്‍ രോഹിത് ശര്‍മ്മ രണ്ട് ഫോറും ഒരു സിക്സും അടക്കം നേടി അവസാന പന്തിൽ ലക്ഷ്യം ആറാക്കി മാറ്റിയെങ്കിലും അവസാന പന്തിൽ വലിയ ഷോട്ട് നേടുവാനായി രോഹിത്തിന് സാധിക്കാതെ പോയപ്പോള്‍ 5 റൺസ് വിജയവുമായി ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. പരിക്കേറ്റ രോഹിത് സെവന്‍ ഡൗൺ ആയാണ് ബാറ്റ് ചെയ്യുവാന്‍ ക്രീസിലെത്തുന്നത്.

49ാം ഓവറിൽ 20 റൺസ് രോഹിത്തിന്റെ മികവിൽ ഇന്ത്യ നേടിയെങ്കിലും 48ാം ഓവറിൽ മൊഹമ്മദ് സിറാജിനെ നിര്‍ത്തി മുസ്തഫിസുര്‍ റഹ്മാന്‍ മെയ്ഡന്‍ എറിഞ്ഞത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രയാസകരമാക്കി. രോഹിത് 28 പന്തിൽ 51 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ശ്രേയസ്സ് അയ്യര്‍ 82 റൺസും അക്സര്‍ പട്ടേൽ 56 റൺസും നേടിയെങ്കിലും മറ്റു മുന്‍ നിര താരങ്ങള്‍ക്ക് പിന്തുണ നൽകാനാകാതെ പോയത് ടീമിന് തിരിച്ചടിയായി.

ബംഗ്ലാദേശിനായി എബോദത്ത് ഹൊസൈന്‍ മൂന്നും മെഹ്ദി ഹസന്‍ മിറാസും ഷാക്കിബ് അൽ ഹസനും രണ്ട് വീതം വിക്കറ്റും നേടി.