വൻകരകളുടെ പോരാട്ടമായി മാറുന്ന ഖത്തർ ലോകകപ്പ് നാലാം പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ടും സെനെഗലും നേർക്കുനേർ. നിലവിലെ ആഫ്രിക്കൻ ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലീഷ് പട ഇറങ്ങുമ്പോൾ, ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിൽ ഇരു ടീമുകളും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യൻ സമയം തിങ്കളാഴ്ച്ച പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുന്നത്.
ഗ്രൂപ്പ് എയിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് സെനെഗൽ എത്തുന്നത്. നെതർലാന്റ്സിന് മുന്നിൽ വീണെങ്കിലും ഖത്തറിനെയും ഇക്വഡോറിനേയും വീഴ്ത്തി നോകൗട്ട് ഉറപ്പിച്ചു. മുന്നേറ്റത്തിൽ സാദിയോ മാനെയുടെ അഭാവം ടീം നേരിടുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സൂപ്പർ താരത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ട ഉത്തരവാദിത്വം ആഫ്രിക്കൻ ചാംപ്യന്മാർക്കുണ്ട്. കരുത്തനായ കുളിബാലി അടക്കം പ്രതിരോധത്തിൽ ഉണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളിലും മെന്റി വല കാത്ത പോസ്റ്റിലേക്ക് ഗോൾ എത്തിയിരുന്നു. ഇസ്മയില സാറും, ഇദ്രിസ ഗ്വിയെയും അടക്കം പ്രമുഖ താരങ്ങൾ എല്ലാം ആദ്യ ഇലവനിൽ എത്തും. വൻകരയുടെ ജേതാക്കൾക്കൊത്ത പ്രകടനം തന്നെ ടീം പുറത്തെടുത്താൽ ഇംഗ്ലണ്ട് വിയർക്കും
സൗത്ത്ഗേറ്റിന് കീഴിൽ തുടർച്ചയായ മൂന്നാം തവണയാണ് ഒരു മേജർ ടൂർണമെന്റ് നോകൗട്ട് ഘട്ടത്തിലേക്ക് ഇംഗ്ലണ്ട് കടക്കുന്നത്. പക്ഷെ ഇത്തവണയും കിരീടം ഇല്ലെങ്കിൽ വിമർശങ്ങൾക്ക് മൂർച്ച കൂടും എന്നുള്ളത് ഉറപ്പാണ്. ഗ്രൂപ്പ് ബിയിൽ തോൽവി അറിയാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്.
ഇറാനെതിരെ വമ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും യുഎസ്എക്കെതിരെ വീണ്ടും “സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ടിനെ” കാണാൻ ആയി. സുപ്രധാന മത്സരങ്ങളിൽ ആരാധകരെ ആധി പിടിപ്പിക്കുന്നതും ഇതാണ്. വെയിൽസിനെതിരെ ഇറങ്ങിയ ഹെൻഡേഴ്സൻ ബെഞ്ചിലേക്ക് മടങ്ങിയേക്കും. ഇരട്ട ഗോളുകൾ നേടിയ റഷ്ഫോഡ് തന്നെ ആദ്യ ഇലവനിൽ എത്തിയേക്കും. സ്റ്റർലിങ്ങോ ഫോഡനോ ഈ സ്ഥാനത്ത് എത്താനും സാധ്യത ഉണ്ട്. വെയിൽസിനെതിരെ വിശ്രമം ലഭിച്ച മേസൻ മൗണ്ടും സാകയും ടീമിലേക് തിരിച്ചെത്തും.