ഇന്നലെ ഖത്തർ ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ സെർബിയക്ക് എതിരായ മത്സര വിജയം സ്വിസ് ടീമിന് അവസാന പതിനാറിൽ ഇടം നേടി നൽകിയിരുന്നു. എന്നാൽ മത്സരത്തെ പതിവിൽ കൂടുതൽ ചൂട് പിടിപ്പിച്ചത് അൽബാനിയൻ, കൊസോവൻ വേരുകൾ ഉള്ള സ്വിസ് താരങ്ങൾ ആയ ഗ്രാനിറ്റ് ശാക്ക, ഷഖീരി എന്നിവരുടെ സാന്നിധ്യം ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശത്രുത ഇന്നും നിലനിൽക്കുന്ന രാജ്യങ്ങളും ജനവിഭാഗങ്ങളും ആണ് സെർബിയയും അൽബാനിയയും കൊസോവയും. ചെറുപ്പത്തിൽ സെർബിയൻ ക്രൂരതകൾക്കും വേട്ടയാടലുകൾക്കും ശേഷം കുടുംബവും ആയി നാട് വിട്ടു ഓടേണ്ടി വന്ന ചരിത്രം ഉള്ളവർ ആണ് ഇരു താരങ്ങളും. കഴിഞ്ഞ ലോകകപ്പിൽ സെർബിയക്ക് എതിരെ ഗോൾ നേടിയ ശേഷം അൽബാനിയൻ ദേശീയ ചിഹ്നം ആയ കഴുകന്റെ ചിഹ്നം കാണിച്ചതിന് രണ്ടു താരങ്ങൾക്കും എതിരെ ഫിഫ നടപടി എടുത്തിരുന്നു.
ഇന്നലെ ആവട്ടെ ഷഖീരി ഗോൾ നേടിയപ്പോൾ ശാക്ക സെർബിയൻ താരങ്ങളെ പ്രഖ്യാപിച്ചും അവർക്ക് മേൽ ആധിപത്യം നേടിയും മധ്യനിരയിൽ മത്സരം നിയന്ത്രിച്ചു. കളിയിലെ താരവും ആഴ്സണൽ മധ്യനിര താരം ആയിരുന്നു. എന്നാൽ മത്സര ശേഷം ശാക്ക അണിഞ്ഞ ജെഴ്സി ആണ് നിലവിൽ വിവാദം ആയത്. അൽബാനിയൻ/കൊസോവൻ വേരുകൾ ഉള്ള സ്വിസ് ടീമിലെ മറ്റൊരു അംഗം ‘അർദോൻ ജഷരി’ യുടെ ‘ജഷരി’ എന്നു എഴുതിയ ജെഴ്സി തിരിച്ചു അണിഞ്ഞാണ് ശാക്ക ജയം ആഘോഷിച്ചത്. എന്നാൽ സഹതാരത്തിന്റെ പേരിനു അപ്പുറം അൽബാനിയൻ/കൊസോവൻ ദേശീയതകൾക്ക് വളരെ പ്രധാനപ്പെട്ട പേര് ആണ് ജഷരി എന്നത്. കൊസോവയുടെ സ്വാതന്ത്ര്യത്തിന് ആയി അൽബാനിയൻ/കൊസോവൻ വംശജരാൽ രൂപീകരിച്ച കൊസോവ ലിബറേഷൻ ആർമിയുടെ സ്ഥാപകരിൽ ഒരാൾ ആയ ‘ആദം ജഷരി’യെ തന്നെയാണ് ശാക്ക ഈ പ്രവർത്തിയുടെ ഓർമ്മിപ്പിച്ചത്.
അന്നത്തെ യൂഗോസ്ലാവിയയിൽ സെർബിയൻ ഭരണകൂടത്തിന് എതിരെ ആയുധം എടുത്തു പോരാടിയ അദ്ദേഹത്തിനെയും ഭാര്യയെയും കുട്ടിയെയും അടക്കം 57 പേർ അടങ്ങുന്ന കുടുംബത്തെ സെർബിയൻ ഭരണകൂടം കൊലപ്പെടുത്തിയത് കൊസോവക്ക് ഇന്നും പൊറുക്കാൻ ആവാത്ത തെറ്റ് ആണ്. 2008 ൽ കൊസോവ സ്വാതന്ത്ര്യം നേടിയ ശേഷം ‘ആദം ജഷരി’യെ അവർ തങ്ങളുടെ ഹീറോ ആയി പ്രഖ്യാപിച്ചു. നിലവിൽ കൊസോവയിൽ ഫുട്ബോൾ സ്റ്റേഡിയം, തിയേറ്റർ, വിമാന താവളം തുടങ്ങി പലതിനും അദ്ദേഹത്തിന്റെ പേര് ഉണ്ട്. സ്റ്റേഡിയത്തിൽ കഴുകൻ ചിഹ്നം കാണിച്ച ആരാധകനെ അധികൃതർ നീക്കം ചെയ്തെങ്കിലും മത്സര ശേഷം കഴുകൻ ചിഹ്നം പ്രദർശിപ്പിച്ച് ആയിരുന്നു ശാക്കയും ഷഖീരിയും ജയം ആഘോഷിച്ചത്. കൊസോവ കൂട്ടക്കൊല ഓർമ്മിപ്പിച്ച് ആയിരുന്നു സെർബിയൻ ആരാധകർ ഇന്നലെ ചാന്റ് ചെയ്തത് എന്ന ആരോപണവും നിലവിൽ ഉണ്ട്. നിലവിൽ രാഷ്ട്രീയ സന്ദേശങ്ങൾ ലോകകപ്പിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്ന നിയമം ഉള്ളപ്പോൾ ശാക്കക്ക് എതിരെ നടപടി വേണം എന്നാണ് സെർബിയൻ പക്ഷം.