പ്രതീക്ഷിച്ച പോലെ മരണ ഗ്രൂപ്പ് ആവുമെന്ന് കരുതിയ ഗ്രൂപ്പ് ഈ, ഫുട്ബോൾ ആരാധകർക്ക് ഒട്ടും നിരാശ സമ്മാനിക്കാതെ ആദ്യ രണ്ടു സ്ഥാനക്കാരെ അറിയാനുള്ള അവസരം അവസാന മത്സര ദിനത്തിലേക്ക് നീട്ടിയിരിക്കുകയാണ്. സ്പെയിൻ ജപ്പാനെയും കോസ്റ്ററിക്ക ജർമനിയേയും ആണ് അവസാന ദിനത്തിൽ നേരിടുന്നത്. നോക്ഔട്ടിലേക്ക് കടക്കാൻ സമനില മാത്രം മതിയായ സ്പെയിൻ ആണ് അവസാന ദിനത്തിൽ കുറച്ചെങ്കിലും ആശ്വസിക്കാൻ ഉള്ളത്. ജപ്പാനെതിരായ തോൽവി അവരുടെയും സാധ്യതകളെ ബാധിച്ചേക്കും. ജർമനി ആവട്ടെ, കോസ്റ്ററിക്കയെ തകർക്കുന്നതിന് പിറമേ സ്പെയിനിന്റെ വിജയവും ഉറ്റു നോക്കുന്നുണ്ട്.
എന്നാൽ അല്ലാതെയും ജർമനിക്ക് ആശ്വസിക്കാൻ വകയുണ്ട്. സ്പെയിൻ – ജപ്പാൻ മത്സരം സമനില ആയാൽ രണ്ടു ഗോൾ വ്യത്യാസത്തിൽ കോസ്റ്ററിക്കെയെ തകർക്കാൻ ആയാൽ ജർമനിക്ക് ഗ്രൂപ്പിൽ നിന്നും മുന്നേറാം. ഇത് തന്നെയാണ് ജപ്പാനെ അങ്കലാപ്പിൽ ആക്കുന്നതും. സ്പെയിനിനെതിരെ സമനില ലക്ഷ്യമിട്ട് ഇറങ്ങുന്നത് അതുകൊണ്ടു തന്നെ ജപ്പാൻ സ്വപ്നത്തിൽ പോലും കണക്ക് കൂട്ടുന്നുണ്ടാവില്ല. സ്പെയിൻ ഗോളുകൾ കൊണ്ട് ആറാടിയ കോസ്റ്ററിക്കയെ ജർമനിയും ഉന്നമിടും എന്നുറപ്പാണ്. അത് പോലെ തന്നെ ജപ്പാനോട് തോൽവി പിണഞ്ഞാലും കോസ്റ്ററിക്കയുടേയോ ജർമനിയുടെയോ വമ്പൻ ജയം മാത്രമേ സ്‌പെയിനിനെ പുറത്താക്കൂ. വമ്പൻ ജയം എന്നു പറയുമ്പോൾ ജപ്പാനോട് അവർ മൂന്ന് ഗോൾ വഴങ്ങും എന്നു കരുതിയാൽ തന്നെ ജർമനി അഞ്ചു ഗോളിനോ കോസ്റ്ററിക്ക പത്ത് ഗോളിനോ എങ്കിലും ജയിക്കണം. ഇത് അസാധ്യം എന്നു തന്നെ കരുതാം.
നിലവിലെ സാഹചര്യത്തിൽ ഗോൾ അടിച്ചു കൂട്ടാൻ ജർമനിയും വിജയം തേടി ജപ്പാനും കോസ്റ്ററിക്കയും ഇറങ്ങും എന്നാണ് കരുതേണ്ടത്. ജപ്പാനെ വീഴ്ത്തിയ കോസ്റ്ററിക്ക തങ്ങളെ അങ്ങനെ അങ്ങു എഴുതള്ളണ്ട എന്ന സൂചന നൽകി കഴിഞ്ഞു. സ്പെയിൻ വിജയിക്കുന്ന പക്ഷം ജർമനിയോടുള്ള വിജയം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ അവരെ സഹായിക്കും. മറ്റ് സാധ്യതകൾ പരിശോധിക്കുമ്പോൾ വഴങ്ങിയ ഗോളുകളുടെ എണ്ണം അവർക്ക് വൻ തിരിച്ചടി ആണ്.
സ്‌പെയിനിനെ നേരിടുന്ന ജപ്പാൻ കഴിഞ്ഞ ജർമനി സ്പെയിൻ മത്സരത്തിൽ നിന്നും പാഠം ഉൾക്കൊണ്ടിട്ടുണ്ടാകും എന്നുറപ്പാണ്. സാനെ കൂടി കളത്തിൽ എത്തിയ ശേഷം മുസ്യാലയുടെയും സാനെയുടെയും അതിവേഗ നീക്കങ്ങൾക്ക് മുന്നിൽ പകച്ചു നിന്ന സ്പാനിഷ് ഡിഫെൻസ് അവർക്ക് ശുഭ സൂചനയാണ്. ജർമനിയെ വീഴ്ത്തിയപ്പോഴും അവർക്ക് തുണയായത് തങ്ങളുടെ അതിവേഗ നീക്കങ്ങൾ തന്നെ ആയിരുന്നു. ഇതേ തന്ത്രം തന്നെ സ്പെയിനിനെതിരെയും അവർ പ്രയോഗിച്ചേക്കും. തോൽവി ഒഴിവാക്കിയാൽ മതി എന്നതിനാൽ സ്പെയിൽ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. കഴിഞ്ഞ ദിവസം പരിശീലനത്തിൽ നിന്നും മാറി നിന്ന ഗവി, റോഡ്രി എന്നിവർക്ക് വിശ്രമം അനിവദിച്ചേക്കും. ജർമൻ ടീമിൽ ആവട്ടെ സ്പെയിനിനെതിരെ ഗോൾ നേടിയ ഫുൾക്രൂഗോ സാനെയോ ഹൻസി ഫ്ലിക്കിന്റെ ആദ്യ ഇലവനിൽ എത്തും. വമ്പന്മാരെ മറികടക്കാൻ ജപ്പാനും കോസ്റ്ററിക്കകും ഇനിയും അവസരം ഉണ്ടെന്നിരിക്കെ മരണ ഗ്രൂപ്പ് ആരുടെയൊക്കെ മരണം വിധിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. വെള്ളിയാഴ്ച്ച പുലർച്ചെ 12.30നാണ് ഇരു മത്സരങ്ങളും ആരംഭിക്കുക.