ഗ്രൂപ്പ് ഘട്ടത്തിൽ ഒരുക്കൽ പോലും ലോകകപ്പിൽ നിന്ന് പുറത്തായിട്ടില്ല എന്ന റെക്കോർഡ് കാത്ത് നെതർലാന്റ്സ്. ഇന്ന് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി കൊണ്ട് ഖത്തർ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഓറഞ്ച് പട പ്രീക്വാർട്ടറും ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നെതർലാന്റ്സ് ഇന്ന് വിജയിച്ചത്.
ആദ്യ രണ്ടു മത്സരത്തിൽ കണ്ടതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം ഇന്ന് ഹോളണ്ടിൽ നിന്ന് കാണാൻ ആയി. മത്സരത്തിന്റെ 26ആം മിനുട്ടിൽ യുവതാരം ഗാക്പോയുടെ സ്ട്രൈക്കിലൂടെ ആണ് നെതർലന്റ്സ് ലീഡ് എടുത്തത്. ക്ലാസനിൽ നിന്ന് പന്ത് കൈപറ്റിയ ശേഷം ഒരു പവർഫുൾ ഷോട്ടിലൂടെ ആയിരുന്നു ഗാക്പോ ഗോൾ നേടിയത്. പി എസ് വി താരത്തിന്റെ ഈ ലോകകപ്പിലെ മൂന്നാം ഗോളാണിത്. ആദ്യ പകുതിയിൽ രണ്ട് തവണ കൂടേ ഗാക്പോ ഗോളിന് അടുത്ത് എത്തി എങ്കിലും ഗോൾ പിറന്നില്ല.
രണ്ടാം പകുതിയിലും നെതർലന്റ്സിന് കാര്യങ്ങൾ എളുപ്പമായിരുന്നു. രണ്ടാം പകുതി തുടങ്ങി നാലു മിനുട്ടുകൾക്ക് അകം ഡിയോങ് നെതർലന്റ്സിന്റെ ലീഡ് ഇരട്ടിയാക്കി. ക്ലാസന്റെ ക്രോസിൽ നിന്നുള്ള ഡിപായുടെ ഗോൾ ശ്രമം ഖത്തർ കീപ്പർ തടഞ്ഞു എങ്കിലും റീബൗണ്ട് ചെയ്ത് ഡിയോങ്ങ് ലീഡ് വർധിപ്പിച്ചു.
68ആം മിനുട്ടിൽ ബെർഗൗസ് അവരുടെ മൂന്നാം ഗോൾ നേടി എങ്കിലും ബിൽഡ് അപ്പിൽ ഗാക്പോയുടെ കയ്യിൽ പന്ത് തട്ടിയതിനാൽ ആ ഗോൾ നിഷേധിക്കപ്പെട്ടു. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ബോർഗൗസിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയും മടങ്ങിയതോടെ മത്സരം 2-0ന് അവസാനിച്ചു.
ഈ വിജയത്തോടെ നെതർലന്റ്സ് 7 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെ ആകും നെതർലന്റ്സ് പ്രീക്വാർട്ടറിൽ നേരിടുക.