ഇത്തവണ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളിൽ ഒന്നിലെ ടീമുകൾ കളത്തിൽ ഇറങ്ങുമ്പോൾ ഉറുഗ്വേയും സൗത്ത് കൊറിയയും നേർക്കുനേർ. ഘാനയും പോർച്ചുഗലും അടങ്ങിയ ഗ്രൂപ്പ് എച്ച് ഏത് വമ്പനാണ് മരണ മൊഴി ചൊല്ലുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരക്കാണ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ ലോകകപ്പുകളിൽ ടീമിനെ നയിച്ച വെറ്ററൻ താരങ്ങളുമായാണ് ഇത്തവണയും ഉറുഗ്വേ ഖത്തറിൽ എത്തിയിട്ടുള്ളത്. സുവാരസും കവാനിയും ഡീഗോ ഗോഡിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. സുവാരസും ഗോഡിനും ആദ്യ ഇലവനിൽ തന്നെ എത്തും. അതേ സമയം പുതുതലമുറയിലെ ഒരു പിടി മികച്ച യുവതാരങ്ങളും ടീമിന് കരുത്തു പകരാനുണ്ട്. ഫെഡെ വാൽവെർഡെ തന്നെയാകും ടീമിന്റെ കളി മെനയാൻ എത്തുന്നത്. കൂടെ ബെന്റാങ്കുറും ചേരും. ബാഴ്സലോണ താരം അറോഹോയുടെ പരിക് പൂർണമായി ബേധമായിട്ടില്ലാത്തതിനാൽ കളത്തിൽ ഉണ്ടാവില്ല. ഡീഗോ ഗോഡിനും ജിമിനസും പിൻനിരയിൽ പൂർണ്ണ സജ്ജരാണ്. മുന്നേറ്റത്തിൽ സുവാരസും ഡാർവിൻ ന്യൂനസും തന്നെ എത്തും.
സോണിന്റെ പരിക്ക് സാരമുള്ളതല്ലെന്ന ആശ്വാസത്തിൽ ആണ് കൊറിയ ഇറങ്ങുന്നത്. താരം മാസ്ക് അണിഞ്ഞു കളത്തിൽ ഉണ്ടാകുമെന്ന് കോച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. വോൾവ്സ് താരം ഹ്വാങ് പരിക്കിന്റെ ആശങ്കകൾ കാരണം ടീമിൽ ഇടം പിടിക്കുമോ എന്ന കാര്യം സംശയത്തിലാണ്. കടുപ്പമേറിയ ഗ്രൂപ്പിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് ഏത് വിധേനയും വിജയം നേടാൻ തന്നെ ആവും ഇരു ടീമുകളും ലക്ഷ്യമിടുന്നത്.