യൂറോപ്യൻ കരുത്തന്മാരെ ഓടി തോൽപ്പിച്ചു ജപ്പാൻ, ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന തന്ത്രം പയറ്റി ജർമനിയുടെ ഗോൾ വല ഒന്നിനെതിരെ രണ്ട് തവണ കുലുക്കി ജപ്പാൻ. എല്ലാ ദിവസവും ചക്ക വീഴില്ല എന്ന തമാശയിൽ ജാപ്പനീസ് വിജയം തള്ളിക്കളഞ്ഞ ജർമനിയെയും, കളി കാണാൻ ഇരുന്നവരെയുമെല്ലാം അമ്പരപ്പിച്ചു കൊണ്ട് വീണ്ടുമൊരു ഏഷ്യൻ അട്ടിമറി ഇന്ന് വേൾഡ് കപ്പിൽ അരങ്ങേറി.
ജർമനിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ ഒരു പെനാൽറ്റിയിലൂടെ ജർമനി മുന്നിൽ കടന്നെങ്കിലും, ജപ്പാൻ കളിക്കാർ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. കളിയുടെ 74% സമയത്തും പന്ത് കയ്യടക്കി വച്ചിരുന്ന ജർമനിക്ക് പക്ഷെ ഒരിക്കൽ പോലും ജാപ്പനീസ് പ്രതിരോധത്തെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. വലുപ്പത്തിലല്ല കാര്യം എന്ന തത്വം ഓർമ്മിപ്പിച്ചു കൊണ്ട്, ജാപ്പനീസ് ടീം കിട്ടിയ അവസരങ്ങളിലെല്ലാം ജർമൻ ഗോൾ മുഖത്ത് പാഞ്ഞു കയറി. അങ്ങനെ കളിയുടെ അവസാന ഇരുപതായപ്പോഴേക്കും ജർമനിയുടെ താളം തെറ്റിച്ച്, ജപ്പാൻ രണ്ട് ഗോളുകൾ നേടി.
ഏഷ്യൻ രാജ്യങ്ങളുടെ ഫുട്ബാളിനെ കുറച്ചു കണ്ടിരുന്ന, യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിന്റെ അഹങ്കാരത്തിൽ അഭിരമിച്ചിരുന്ന ആളുകൾക്കുള്ള ചുട്ട മറുപടിയായി ഇന്നത്തെ ജാപ്പനീസ് ജയം. ഇന്നലെ ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ ആയിരുന്നെങ്കിൽ, ഇന്ന് യൂറോപ്യൻ ഫുട്ബോളാണ് ഏഷ്യൻ ശക്തിയുടെ ചൂടറിഞ്ഞത്. ക്ലബ്ബ് ഫുട്ബാളിലൂടെ ലോകം മുഴുവൻ കണ്ടു കൊണ്ടിരിക്കുന്ന ഈ കളിക്കാരേയും, അവരുടെ കളിയെയും വ്യക്തമായി മനസ്സിലാക്കി, മറുതന്ത്രങ്ങൾ മെനഞ്ഞതാണ് സൗദിക്കും ജപ്പാനും ഗുണമായത്.
പ്രധാന കളിക്കാരെ മാത്രമല്ല, ടീമിന്റെ സ്വാഭാവിക താളത്തിലുള്ള കളിയെയും ഈ ഏഷ്യൻ ടീമുകൾ തടഞ്ഞു നിർത്തുന്ന കാഴ്ചയാണ് കണ്ടത്. ഇത് വഴി എതിർ ഗോൾമുഖത്ത് കാര്യമായ നീക്കങ്ങൾ നടത്താൻ ഈ കരുത്തന്മാർക്ക് കഴിയാതെ പോയി. ഏഷ്യൻ ടീമുകളെ കുറച്ചു കണ്ടതാണ് ഇതിലേക്ക് വഴിവച്ചത്. വരുന്ന കാലങ്ങളിൽ ലോക ഫുട്ബോളിൽ ഏഷ്യൻ ടീമുകൾക്ക് വ്യക്തമായ സ്ഥാനം ഉണ്ടാകും എന്നു തന്നെയാണ് ഖത്തറിലെ കളികൾ സൂചിപ്പിക്കുന്നത്.