ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ യൂറോപ്യൻ വമ്പന്മാർ ആയ ഹോളണ്ട് ഇന്ന് ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗലിനെ നേരിടും. ലോകകപ്പിൽ ഇത് വരെ ആഫ്രിക്കൻ രാജ്യങ്ങളോട് പരാജയം അറിയാതെയാണ് ഹോളണ്ട് വരുന്നത് എങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇത് വരെ സെനഗൽ യൂറോപ്യൻ രാജ്യങ്ങളോട് പരാജയം അറിഞ്ഞിട്ടില്ല. 2002 ൽ ഫ്രാൻസിനെ അട്ടിമറിച്ച അവർ കഴിഞ്ഞ ലോകകപ്പിൽ പോളണ്ടിനെയും തോൽപ്പിച്ചിരുന്നു. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. വാൻ ഹാളിനു കീഴിൽ മികച്ച ടീമും ആയി ഇറങ്ങുന്ന ഹോളണ്ട് 1994 നു ശേഷം ഇത് വരെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിഞ്ഞിട്ടില്ല എന്ന റെക്കോർഡ് നിലനിർത്താൻ ആവും ഇന്ന് ഇറങ്ങുക.
മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും യുവത്വവും പരിചയാസമ്പത്തും ഹോളണ്ടിനു ആവോളം ഉണ്ട്. ക്യാപ്റ്റൻ വാൻ ഡെയ്കും ഒപ്പം ഡിലിറ്റും നയിക്കുന്ന പ്രതിരോധം മറികടക്കുക ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് അത്ര എളുപ്പമുള്ള പണി ആവില്ല. മധ്യനിരയിൽ ഫ്രാങ്കി ഡിയോങിന് ഒപ്പം യുവതാരം സാവി സിമൻസിന്റെ പ്രകടനം ആവും പലരും ഉറ്റു നോക്കുന്ന ഒന്നു. മധ്യനിരയിൽ ഡിയോങ് തിളങ്ങിയാൽ ഓറഞ്ചു പടക്ക് കാര്യങ്ങൾ എളുപ്പമാകും. മുന്നേറ്റത്തിൽ ഡീപായിയുടെ അഭാവത്തിൽ യുവതാരം കോഡി ഗാക്പോ ആവും സെനഗലിന് പ്രധാന വെല്ലുവിളി ആവുക. മെന്റി ഗോളിലും കോലുബാലി പ്രതിരോധത്തിലും നിൽക്കുമ്പോൾ സെനഗൽ പ്രതിരോധം അത്ര എളുപ്പം വീഴും എന്നു കരുതുക വയ്യ.
എന്നാൽ സെനഗലിന്റെ പ്രധാന നഷ്ടം മുന്നേറ്റത്തിൽ അവരുടെ എല്ലാം എല്ലാമായ സാദിയോ മാനെയുടെ അഭാവം ആണ്. ടീമിന്റെ ഹൃദയം ആയ മാനെയുടെ അസാന്നിധ്യത്തിൽ ഇസ്മായില സാർ അടക്കമുള്ള താരങ്ങൾക്ക് ഡച്ച് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ ആവുമോ എന്നത് ആവും മത്സരഫലം നിർണയിക്കുന്ന ഘടകം. അലിയോ സീസെ എന്ന പരിശീലകൻ കൊണ്ടു വരുന്ന മാജിക്കും ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് കരുത്ത് പകരും. മറുവശത്ത് 2014 ൽ മൂന്നാമത് ആയത് ഇത്തവണ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം ആയി മാറ്റാൻ ഇറങ്ങുന്ന വാൻ ഹാലിന് ഇന്ന് വിജയത്തുടക്കം അനിവാര്യമാണ്. അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് ഈ മത്സരം തുടങ്ങുക.