റയൽ മാഡ്രിഡിൽ എത്തിയ ശേഷം ഒരിക്കലും തന്റെ പ്രതാപത്തിലേക്ക് ഉയരാൻ ആവാതെ വിഷമിക്കുകയാണ് ഏദൻ ഹസർഡ്. ചെൽസിയിലെ പോലെ കൂടുതൽ മത്സരങ്ങൾ കളത്തിൽ ഇറങ്ങാൻ സാധിക്കാത്തതിൽ ആരാധകരോട് മാപ്പപേക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ ഹസാർഡ്. സ്പാനിഷ് മാധ്യമമായ മാർകയോട് സംസാരിക്കുകയായിരുന്നു ബെൽജിയ താരം. സ്പെയിനിൽ എത്തിയ ശേഷം ഒരു സ്പാനിഷ് മാധ്യമവുമായുള്ള താരത്തിന്റെ ആദ്യത്തെ അഭിമുഖവുമാണ് ഇത്.
തന്നേക്കാൾ മികച്ച താരങ്ങൾ ഇപ്പോൾ ടീമിൽ ഉണ്ടെന്ന് അദ്ദേഹം അംഗീകരിച്ചു. ചെൽസിയിൽ പരിക്കില്ലാതെ തുടർച്ചായി കളിച്ചിരുന്നത് പോലെ അല്ലായിരുന്നു മാഡ്രിഡിൽ എത്തിയ ശേഷം എന്നും തിരിച്ചു വന്നു മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോൾ വീണ്ടും പരിക്ക് വില്ലനായി എന്നും ഹസാർഡ് പറഞ്ഞു. ചെൽസി ഒരിക്കലും തന്നെ തിരിച്ചു വിളിച്ചിട്ടില്ലെന്നും അത്തരം കഥകൾ എല്ലാം മാധ്യമങ്ങളിൽ വന്നത് എങ്ങനെ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ടീം വിടാനുള്ള സാധ്യതകളെ കുറിച്ചു ചോദിച്ചപ്പോൾ ജനുവരിയിൽ ഒരിക്കലും ടീം വിടാൻ സാധ്യത ഇല്ലെന്നും തന്റെ കുടുംബം മാഡ്രിഡിൽ തന്നെയാണ് ഉള്ളതെന്നും ഹസാർഡ് പറഞ്ഞു. എന്നാൽ സീസണിന്റെ അവസാനം ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടാൻ ആവശ്യപ്പെടുകയാണെങ്കിൽ താൻ സന്നദ്ധനാകുമെന്നും എന്നാൽ മാഡ്രിഡ് നഗരത്തിൽ തുടരാൻ ആണെങ്കിൽ അതിലും സന്തോഷം മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ സ്വന്തം ടീമായ ബെൽജിയത്തിന് വലിയ സാധ്യത കൽപ്പിക്കാതിരുന്ന ഹസാർഡ്, ബ്രസീൽ, ഫ്രാൻസ്, അർജന്റീന എന്നിവരാണ് കപ്പുയർത്താൻ സാധ്യത ഉള്ള ടീമുകൾ എന്നും വിലയിരുത്തി.