എ.ടി.പി ഫൈനൽസ് സെമിഫൈനലിലേക്ക് ഗ്രീൻ ഗ്രൂപ്പിൽ നിന്നു മുന്നേറി മൂന്നാം സീഡ് കാസ്പർ റൂഡ്. എട്ടാം സീഡ് ആയ ടെയിലർ ഫ്രിറ്റ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചതോടെയാണ് റൂഡ് സെമിഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു റൂഡ് നേടിയപ്പോൾ രണ്ടാം സെറ്റ് ഫ്രിറ്റ്സ് 6-4 നു നേടി. ഒടുവിൽ ടൈബ്രേക്കറിൽ ആണ് റൂഡ് മത്സരം ജയിച്ചത്. റൂഡ് ജയിച്ചതോടെ രണ്ടു കളിയും തോറ്റ നദാൽ എ.ടി.പി ഫൈനൽസിൽ നിന്ന് പുറത്തായി.
ഇതോടെ കാർലോസ് അൽകാരസ് 2022 ലോക ഒന്നാം നമ്പർ ആയി പൂർത്തിയാക്കും എന്നും ഉറപ്പായി. ലോക ഒന്നാം നമ്പർ ആയി ഒരു വർഷം അവസാനിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 19 കാരനായ അൽകാരസ് ഇതോടെ മാറി. അതേസമയം റെഡ് ഗ്രൂപ്പിൽ ആറാം സീഡ് ആന്ദ്ര റൂബ്ലേവിനെ 6-4,6-1 എന്ന സ്കോറിന് തകർത്താണ് ഏഴാം സീഡ് നൊവാക് ജ്യോക്കോവിച് സെമിഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത ജ്യോക്കോവിച് മൂന്നു തവണ എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു. ഇത് 11 മത്തെ തവണയാണ് ജ്യോക്കോവിച് എ.ടി.പി ഫൈനൽസ് സെമിയിൽ എത്തുന്നത്.