ലിവർപൂൾ വാങ്ങിക്കാൻ മുകേഷ് അംബാനിക്ക് താൽപ്പര്യം,സ്ഥിരീകരിച്ചു ബ്രിട്ടീഷ് മാധ്യമങ്ങൾ

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ്.എസ്.ജി വിൽക്കാൻ താൽപ്പര്യം ഉണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ അറബി കമ്പനികൾ അടക്കം നിരവധി ആളുകൾ ക്ലബ് വാങ്ങിക്കാൻ രംഗത്ത് വന്നത് ആയി സൂചനകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനും ലോകത്തിലെ എട്ടാമത്തെ വലിയ കോടീശ്വരനും ആയ മുകേഷ് അംബാനി ലിവർപൂൾ വാങ്ങിക്കാൻ രംഗത്ത് എന്ന വാർത്തകൾ പുറത്ത് വന്നത്. ഇംഗ്ലീഷ് പത്രം ദ അത്ലറ്റിക്കിന്റെ ഫുട്‌ബോൾ റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റീൻ ഈ വാർത്ത സ്ഥിരീകരിച്ചു.

ലിവർപൂൾ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഉടമകൾ ആയ റിലയൻസ് ഗ്രൂപ്പിന് ആഗോളതലത്തിൽ കരീബിയൻ, ദക്ഷിണാഫ്രിക്കൻ, യു.എ.ഇ ടി20 ലീഗുകളിൽ ടീമുകൾ ഉണ്ട്. ഇതിനു പുറമെ ഇന്ത്യൻ സൂപ്പർ ലീഗ് ഉടമകളും നടത്തിപ്പുകാരും കൂടിയാണ് അംബാനി ഗ്രൂപ്പ്. ഭാര്യ നിത അംബാനി ആണ് സ്പോർട്സ് കാര്യങ്ങൾ നോക്കി നടത്തുന്നത്. നേരത്തെ ഇംഗ്ലീഷ് ക്ലബ് ബ്ലാക്ബേൺ ഉടമകൾ ആയി ഇന്ത്യൻ ബിസിനസ് ഗ്രൂപ്പ് ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്ലബ് ആയ ലിവർപൂൾ ഉടമ ആയാൽ അത് അംബാനിക്കും റിയലൻസിനും ആഗോള പ്രശസ്തിയും സ്വീകാര്യതയും തന്നെ നൽകും. 4 ബില്യൺ പൗണ്ട് എങ്കിലും ലിവർപൂൾ വാങ്ങാൻ അംബാനി ചിലവാക്കേണ്ടി വരും. നേരത്തെ 2010 ലും ലിവർപൂൾ മേടിക്കാനുള്ള ശ്രമം അംബാനി നടത്തിയെങ്കിലും എഫ്.എസ്.ജിക്ക് മുന്നിൽ പരാജയപ്പെടുക ആയിരുന്നു.