ഖത്തർ ലോകകപ്പിനായുള്ള പോർച്ചുഗൽ സ്ക്വാഡ് ഇന്ന് പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീം സൂപ്പർ താരങ്ങളാൽ നിറഞ്ഞു നിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പിന് പോർച്ചുഗൽ എത്തുമ്പോൾ റൊണാൾഡോക്ക് ഒപ്പം നിക്കുന്ന ഒരു സ്ക്വാഡ് പോർച്ചുഗലിന് ഉണ്ടെന്ന് പറയാം.
റുയി പട്രിസിയോയും ജോസെ സായും ഡിയോഗോ കോസ്റ്റയും ഉൾപ്പെടുന്ന ഗോൾ കീപ്പർമാരുടെ നിര തന്നെ പോർച്ചുഗലിന്റെ സ്ക്വാഡ് ഡെപ്ത് കാണിക്കുന്നു. ഡിഫൻസിൽ ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിൽ ഒരാളായ റൈറ്റ് ബാക്ക് ഡാലോട്ട് ഉണ്ട്. പി എസ് ജിയുടെ ലെഫ്റ്റ് ബാക്കിൽ തിളങ്ങുന്ന നൂനോ മെൻഡസ് ഉണ്ട്. പിന്നെ പെപെയെയും റൂബൻ ഡിയസിനെയും പോലുള്ള സെന്റർ ബാക്കുകളും ഉണ്ട്.
റൂബൻ നെവസ്, വില്യം കർവാലോ, വിറ്റിന, പളിന്യ, നൂനസ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങി യൂറോപ്യൻ ഫുട്ബോളിലെ പ്രമുഖർ മധ്യനിരയിലും അറ്റാക്കിംഗ് മിഡ്ഫീൽഡിലും അണിനിരക്കുന്നു.
അറ്റാക്കിൽ റൊണാൾഡോക്ക് ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ അതിനും മുകളിലുള്ള പ്രകടനം എ സി മിലാന്റെ യുവതാരം റാഫേൽ ലിയോയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ജാവോ ഫെലിക്സും ആന്ദ്രെ സിൽവയുമെല്ലാം തിളങ്ങുന്ന ഒരു ടൂർണമെന്റ് ആകും ഇതെന്ന് ആരാധകരിൽ പലരും ആശിക്കുന്നു.
ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവർ ഉള്ള ഗ്രൂപ്പ് എച്ചിൽ ആണ് പോർച്ചുഗൽ ഉള്ളത്