ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടണിൽ ഒരു ചുവപ്പ് ജേഴ്സിക്കാർ കൂടെ വിജയിച്ചു. നേരത്തെ ലണ്ടൺ ഡാർബിയിൽ ആഴ്സണൽ ചെൽസിയെ തോൽപ്പിച്ചപ്പോൾ ലണ്ടണിൽ നിന്ന് ഏറെ അകലെ ഉള്ള ലിവർപൂൾ സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ വന്നാണ് വിജയിച്ചു പോയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ക്ലോപ്പിന്റെ ടീം വിജയിച്ചത്.
ആദ്യ പകുതിയിൽ മൊ സലാ നേടിയ രണ്ടു ഗോളുകൾ ആണ് ലിവർപൂളിന് ജയം നൽകിയത്. 11ആം മിനുട്ടിൽ ഡാർവിൻ നൂനിയസിന്റെ പാസ് സ്വീകരിച്ചാണ് സലാ തന്റെ ആദ്യ ഗോൾ നേടിയത്. സലാ അവസാന കുറച്ച് മത്സരങ്ങളിൽ തുടരുന്ന നല്ല പ്രകടനം തുടരുക ആയിരുന്നു. 40ആം മിനുട്ടിൽ സലാ വീണ്ടും ഗോൾ നേടി. ഇത്തവണ സ്പർസ് ഡിഫൻഡർ ഡയർ സമ്മാനിച്ച ഒരു ബോളുമായി മുന്നേറി ചിപ് ചെയ്താണ് സലാ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ സ്പർസ് കളിയിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ തുടർന്നു. സബ്ബായി എത്തിയ കുലുസവെസ്കി നൽകിയ പാസിൽ നിന്ന് 70ആം മിനുട്ടിൽ ഹാരി കെയ്ൻ ഗോൾ നേടി. സ്പർസ് 1-2 ലിവർപൂൾ.
ഇതിനു ശേഷം സ്പർസ് നിരന്തരം ലിവർപൂൾ ബോക്സിലേക്ക് ആക്രമിച്ച് എത്തി. പക്ഷെ സമനില ഗോൾ മാത്രം വന്നില്ല.
ഈ വിജയത്തോടെ ലിവർപൂൾ 19 പോയിന്റുമായി എട്ടാമത് നിൽക്കുക ആണ്. സ്പർസ് 26 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ന്യൂകാസിൽ സ്പർസിന്റെ മൂന്നാം സ്ഥാനം സ്വന്തമാക്കി.