എ.എസ് റോമയുടെ അർജന്റീന താരം പൗളോ ഡിബാലയുടെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചു പരിശീലകൻ ജോസെ മൊറീന്യോ. ഇന്നലെ നടന്ന ലെചെക്ക് എതിരായ മത്സരത്തിന് ഇടയിൽ ആണ് താരത്തിന് പരിക്കേറ്റത്. പെനാൽട്ടിയിലൂടെ തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ നേടിയ ഡിബാല പെനാൽട്ടി എടുത്ത ശേഷം മസിലിന് പരിക്കേറ്റു പുറത്ത് പോവുക ആയിരുന്നു. തന്റെ അനുഭവത്തിൽ അത്തരം ഒരു പരിക്ക് വളരെ ഗുരുതരമാണ് തോന്നുന്നത് എന്നാണ് മൊറീന്യോ പറഞ്ഞത്.
ഇനി 2022 സീസണിൽ ഡിബാല കളിക്കുമോ എന്ന വിഷയത്തിലും മൊറീന്യോ സംശയം പ്രകടിപ്പിച്ചു. ഇന്ന് നടക്കുന്ന വൈദ്യപരിശോധനക്ക് ശേഷം മാത്രം ആയിരിക്കും പരിക്കിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യം ആവുകയുള്ളൂ. ഡിബാലയുടെ പരിക്ക് നിലവിൽ സീരി എയിൽ വലിയ ലക്ഷ്യങ്ങൾ ഉള്ള മൗറീന്യോയുടെ റോമക്ക് വലിയ നഷ്ടമാണ്. ഇത് കൂടാതെ ഡിബാല ലോകകപ്പ് കളിച്ചില്ലെങ്കിൽ അത് അർജന്റീനക്ക് വലിയ തിരിച്ചടി തന്നെയാവും എന്നതിൽ സംശയം ഇല്ല.