മാഞ്ചസ്റ്റർ ഡാർബിയിൽ ഇന്ന് ഒരു ആവേശകരമായ പോരാട്ടം ആണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും കണ്ടത് ഏകപക്ഷീയമായ ഒരു പോരാട്ടം ആയിരുന്നു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിശ്പ്രഭരാക്കി കൊണ്ട് സിറ്റി മൂന്നിനെതിരെ 6 ഗോളുകളുടെ വിജയം സ്വന്തമാക്കി. സിറ്റി ഇന്ന് ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ നേടിയിരുന്നു. സിറ്റിക്ക് വേണ്ടി ഇന്ന് ഹാളണ്ടും ഫോഡനും ഹാട്രിക്ക് നേടി.
ടെൻ ഹാഗിന്റെ ഏറ്റവും മികച്ച ഇലവനെ ഇറക്കിയിട്ടും യുണൈറ്റഡിന് അധിക നേരം പിടിച്ചു നിൽക്കാൻ ആയില്ല. മത്സരത്തിൽ എട്ടാം മിനുട്ടിൽ തന്നെ സിറ്റി ലീഡ് എടുത്തു. ബെർണാർഡോ സിൽവ നൽകിയ പാസ് ഫസ്റ്റ് ടച്ചിൽ തന്നെ തന്നെ ഇടം കാലു കൊണ്ട് ഡ്രിൽ ചെയ്ത് ഫോഡൻ വലയിൽ എത്തിച്ചു. സ്കോർ 1-0.
34ആം മിനുട്ടിൽ ഹാളണ്ടിലൂടെ ആയിരുന്നു രണ്ടാം ഗോൾ. കെവിൻ ഡിബ്രുയിന്റെ കോർണർ ഉയർന്നു ചാടി ഹാളണ്ട് വലയിലേക്ക് ഹെഡ് ചെയ്ത് ഇട്ടു. മലാസിയ ആ പന്ത് ക്ലിയർ ചെയ്തു എങ്കിലും അപ്പോഴേക്ക് ഗോൾ വര കടന്നിരുന്നു. സ്കോർ 2-0
ഈ ഗോൾ കഴിഞ്ഞ് മിനുട്ടുകൾക്ക് അകം ഹാളണ്ട് വീണ്ടും വല കുലുക്കി. 37ആം മിനുട്ടിൽ ഡിബ്രുയിന്റെ കണ്ണഞ്ചിപ്പിക്കുന്ന ക്രോസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ ഫിനിഷ്. താരം ഈ സീസണിൽ നേടുന്ന പതിനാറാം ഗോൾ ആയിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫോഡനും തന്റെ രണ്ടാം ഗോൾ കണ്ടെത്തി. സ്കോർ 4-0
രണ്ടാം പകുതിയിൽ യുണൈറ്റഡിന് വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും രണ്ടാം പകുതിയ അവർ മെച്ചപ്പെട്ട രീതിയിൽ തുടങ്ങി. 56ആം മിനുട്ടിൽ ബ്രസീലിയൻ താരം ആന്റണിയുടെ ഒരു സ്ക്രീമർ യുണൈറ്റഡിന് ഒരു ഗോളിന്റെ ആശ്വാസം നൽകി. ആന്റണിയുടെ യുണൈറ്റഡിനായുള്ള രണ്ടാം ഗോളാണിത്. ഈ ഗോൾ ആശ്വാസമായി മാത്രം മാറി.
ഇതിനു പിന്നാലെ എർലിങ് ഹാളണ്ട് ഹാട്രിക്ക് പൂർത്തിയാക്കി. 64ആം മിനുട്ടിൽ ഗോമസിന്റെ പാസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ മൂന്നാം ഗോൾ. സിറ്റിക്കായി ഹാളണ്ട് നേടുന്ന മൂന്നാമത്തെ ഹാട്രിക്ക് ആണിത്. സ്കോർ 5-1.
സിറ്റി ഇതിലും നിർത്തിയില്ല. അധികം താമസിയാതെ ഫിൽ ഫോഡനും ഹാട്രിക്ക് പൂർത്തിയാക്കി. ഹാളണ്ടിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഫോഡന്റെ മൂന്നാം ഗോൾ. സ്കോർ 6-1. 83ആം മിനുട്ടിൽ മാർഷ്യലിലൂടെ ഒരു ഗോൾ കൂടെ യുണൈറ്റഡ് മടക്കി. 90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മാർഷ്യൽ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. ഇത് യുണൈറ്റഡിന്റെ പരാജയ ഭാരം കുറച്ചു
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ 20 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. യുണൈറ്റഡ് 12 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.