സ്വിസ് ടീമായ ആൽഫ റോമിയോ 2023 ലെ ഫോർമുല-1 സീസണിനായി ഗ്വാന്യൂവിനെ നിലനിർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 ലെ അതേ ടീമുമായാണ് 2023-ലും ആൽഫ റോമിയോ രംഗത്തിറങ്ങുക. വാൽട്ടേരി ബോട്ടാസിന് ഇതിനകം തന്നെ ഒന്നിലധികം വർഷത്തേക്കുള്ള കരാർ അവർ നൽകി കഴിഞ്ഞു. 2022-ൽ ഫോർമുല-2 ൽ നിന്ന് ഉയർന്നു വന്നപ്പോൾ, അന്നത്തെ ഫോർമുല 2 വിജയി ഓസ്‌കാർ പിയാസ്‌ത്രിക്ക് സീറ്റ് ലഭിക്കാത്തതിനാൽ പലരും ഗ്വാന്യൂവിനെ വിമർശിചിരുന്നു. പോയിന്റ് സ്‌കോർ ചെയ്‌തിട്ടും നിരവധി പ്രശ്‌നങ്ങൾ കാറിന്റെ ഭാഗത്ത് നിന്ന് ഗ്വാന്യൂവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ താരതമ്യേന മികച്ച സീസൺ ഉള്ളതിനാൽ, താരം ചൈനീസ് റേസർ ആരാധകർക്കിടയിൽ പ്രിയങ്കരനാണ്.
ഫോർമുല 1 -ൽ മത്സരിക്കുന്ന ആദ്യത്തെ ചൈനീസ് വംശജൻ എന്ന ഖ്യാതിയോടു കൂടി അരങ്ങേറിയ ഗ്വാന്യൂവിനെ പക്ഷെ ആരാധകർ ഓർത്തിരിക്കുക ബ്രിട്ടീഷ് ഗ്രാൻപ്രിയിലെ അപകടത്തിലൂടെ ആകും.
എന്നും ആ മത്സരം ഗ്വാന്യൂവിനും ആരാധകർക്കും മറക്കാനാവാത്ത ഒന്നായിരിക്കും. അത്ഭുതകരമായി ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് പിന്നീടുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനും ഗ്വാന്യൂവിന് കഴിഞ്ഞു.
“മറ്റൊരു സീസണിൽ ടീമിന്റെ ഭാഗമാകാനുള്ള അവസരം തന്നതിൽ ഞാൻ ആൽഫ റോമിയോ ടീമിനോട് നന്ദി രേഖപെടുത്തുന്നു. ഫോർമുല വണ്ണിൽ എത്തുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, ആദ്യമായി മത്സരിച്ച ആ നിമിഷം എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. ടീം അവിശ്വസനീയമായവിധം പിന്തുണയ്ക്കുകയും ആദ്യ ദിവസം മുതൽ എന്നെ സ്വാഗതം ചെയ്യുകയും ടീമുമായി പൊരുത്തപ്പെടാൻ എന്നെ സഹായിക്കുകയും ചെയ്തിരുന്നു” എന്ന് ഗ്വാന്യൂ തന്റെ കരാർ പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.