ബാഴ്‌സക്കും സ്പെയിൻ ദേശിയ ടീമിനും വളരെ മികച്ച സംഘമാണ് ഉള്ളതെന്നും കിരീടങ്ങൾ തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും പെഡ്രി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യുവതാരം. ലെവെന്റോവ്സ്കി ഒരു ഗോളടിക്കുന്ന യന്ത്രമാണെന്നും അദ്ദേഹത്തോടൊപ്പം കളത്തിൽ ഇറങ്ങുന്നത് അഭിമാനമാണെന്നും താരം പറഞ്ഞു. എപ്പോഴും യുവതാരങ്ങൾ സഹായിക്കാൻ ലെവെന്റോവ്സ്കി തയ്യാറാണെന്നും താരം കൂടിച്ചേർത്തു. സാവി, ഇനിയെസ്റ്റ തുടങ്ങിയവരുമായി തന്നെയും ഗവിയെയും താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നും തങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നും പെഡ്രി പറഞ്ഞു.
ബയേണിനെതിരെ താൻ കളഞ്ഞു കുളിച്ച അവസരം ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്തത് ആയിരുന്നെന്ന് പെഡ്രി പറഞ്ഞു. കൂടുതൽ ഗോളുകളും അസിസ്റ്റും നേടാനും കൂടുതൽ കായികക്ഷമത കൈവരിക്കാനും ആണ് താൻ ലക്ഷ്യം വെക്കുന്നത് എന്നും താരം പറഞ്ഞു. വിനിഷ്യസിന്റെ ഗോൾ സെലെബ്രെഷൻ സംബന്ധിച്ചും താരം സംസാരിച്ചു.
“ഞാൻ എന്റെ ഗോളുകൾ എന്റെ പിതാവിനാണ് സമർപ്പിക്കുന്നത്. ആർക്കും ഏത് രീതിയിലും ഗോൾ സെലെബ്രെഷൻ നടത്താൻ കഴിയണം. ആരെയും ഇതിന്റെ പേരിൽ ഇകഴ്ത്തി കാണിക്കുന്നത് ശരിയല്ല”, പെഡ്രി പറഞ്ഞു. റാഫിഞ്ഞ, ഡെമ്പലെ, കുണ്ടേ, കെസ്സി എന്നിവർ ടീമിന് മുതൽക്കൂട്ടാണെന്ന് ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞു. ആൻസു ഫാറ്റി ഉടനെ തന്റെ പൂർണമായ ഫോമിലേക്ക് തിരിച്ചെത്തുമെന്നും എപ്പോഴും ഗോൾ നേടാനുള്ള തന്റെ കഴിവ് താരം വീണ്ടും പുറത്തെടുക്കുമെന്നും പെഡ്രി കൂട്ടിച്ചേർത്തു.