സ്വന്തം തട്ടകത്തിൽ വിജയം നേടാൻ ആവാതെ വിയ്യാറയൽ, സെവിയ്യയുമായി സമനില

Nihal Basheer

വമ്പന്മാരുടെ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് വിയ്യാറായലും സെവിയ്യയും. വിയ്യാറയലിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതം നേടി കൊണ്ട് ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചു. ആറു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പതിനൊന്ന് പോയിന്റുമായി വിയ്യാറയൽ ആറാമതും അഞ്ചു പോയിന്റുമായി സെവിയ്യ ലീഗിൽ പതിനഞ്ചാമതുമാണ്.

സെവിയ്യ

സ്വന്തം തട്ടകത്തിൽ അവസരങ്ങൾ ഏറെ ലഭിച്ചിട്ടും വിജയം നേടാൻ കഴിയാത്ത നിരാശയിലാണ് വിയ്യാറയൽ കളം വിട്ടത്. കരുത്തരായ എതിരാളികൾക്കെതിരെ ഇരു നിരയും വിജയം നേടാൻ ഉറച്ചു തന്നെയാണ് ഇറങ്ങിയത്. എട്ടാം മിനിറ്റിൽ തന്നെ എമരിയുടെ ടീമിനെ ഞെട്ടിച്ചു കൊണ്ട് സെവിയ്യ ലീഡ് എടുത്തു. ഇസ്കോയുടെ പാസിൽ നിന്നും ഒലിവർ ടോറസ് ആണ് സെവിയ്യക്ക് ലീഡ് നൽകിയത്. പന്ത് കൂടുതൽ കൈവശം വെച്ചു സെവിയ്യ മത്സരം നിയന്ത്രണത്തിൽ ആക്കാൻ ശ്രമിച്ചെങ്കിലും വിയ്യാറയൽ പലപ്പോഴും എതിർ ഗോൾ മുഖത്ത് അപകടം സൃഷ്ടിച്ചു. പക്ഷെ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതിയിൽ സെവിയ്യയുടെ ലീഡിൽ തന്നെയാണ് മത്സരം പിരിഞ്ഞത്.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ വിയ്യാറയൽ കാത്തിരുന്ന ഗോൾ എത്തി. കൗണ്ടർ വഴി എത്തിയ ബോൾ മുന്നേറ്റ താരം ബീന പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത് എതിർ കീപ്പർ സേവ് ചെയ്‌തെങ്കിലും വീണ്ടും താരത്തിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് തന്നെ എത്തി. തുടർന്നും പലപ്പോഴും എതിർ പോസ്റ്റിലേക്ക് അവർ ലക്ഷ്യം വെച്ചെങ്കിലും ലീഡ് നേടാൻ കഴിഞ്ഞില്ല.