ബാഴ്സലോണ അവരുടെ ഗംഭീര ഫോം തുടരുകയാണ്. അവർ ഇന്ന് കാദിസിനെ എവേ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കാദിസ് ലാലിഗയിൽ തിരികെ എത്തിയത് മുതൽ ബാഴ്സലോണക്ക് തലവേദന ആയി മാറിയിരുന്ന ടീമായിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾക്ക് ഒക്കെ മറികടന്ന് ബാഴ്സലോണ അവർക്കെതിരെ ഏകപക്ഷീയമായ വിജയം നേടി.
ചില മാറ്റങ്ങളുമായി ഇറങ്ങിയ ബാഴ്സലോണ ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും നേടിയില്ല. 55ആം മിനുട്ടിൽ ഡിയോങ്ങ് ആണ് കാദിസിന്റെ ഡിഫൻസീവ് മതിൽ ബ്രേക്ക് ചെയ്തത്. വലതു വിങ്ങിൽ നിന്ന് റഫീഞ്ഞ നൽകിയ പാസ് ഗവിയെ പെനാൾട്ടി ബോക്സിൽ കണ്ടെത്തി. അവിടെ നിന്ന് താരത്തിന്റെ ക്രോസ് ഗോൾ കീപ്പറിൽ നിന്നില്ല. ഇത് മുതലെടുത്ത് ഡിയോങ്ങ് പന്ത് വലയിലേക്ക് എത്തിച്ചു. സ്കോർ 1-0.
65ആം മിനുട്ടിൽ സബ്ബായി എത്തിയ ലെവൻഡോസ്കിയിലൂടെ ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്. ലെവൻഡോസ്കിയുടെ ബാഴ്സലോണക്ക് ആയുള്ള ഒമ്പതാം ഗോളായിരുന്നു ഇത്.
മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന് ഇടയിൽ ഗ്യലാറിയിൽ ഒരു ആരാധകൻ ബോധരഹിതനായത് മത്സരം നിർത്തി വെക്കാൻ കാരണമായി. അര മണിക്കൂറോളം കഴിഞ്ഞ് ആരാധകന്റെ ആരോഗ്യ നില ഭേദമായതിനു ശേഷമാണ് കളി പുനരാരംഭിച്ചത്.
ഇതിനു പിന്നാലെ അൻസു ഫതിയുട ഗോൾ വന്നു. സ്കോർ 3-0. ലെവൻഡോസ്കിയുടെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു ഈ ഗോൾ. ഇതിനു ശേഷം ഡെംബലെയുടെ ഗോളും കൂടെ വന്നതോടെ വിജയം പൂർത്തിയായി.
ഈ വിജയം ബാഴ്സലോണയുടെ തുടർച്ചയായ അഞ്ചാം ജയമാണ്. ഈ അഞ്ചു മത്സരങ്ങളിൽ ബാഴ്സലോണ 20 ഗോളകൾ അടിച്ചു കൂട്ടി. പതിമൂന്ന് പോയിന്റുമായി ബാഴ്സലോണ ഇപ്പോൾ ലാലിഗയിൽ ഒന്നാം സ്ഥാനത്താണ്.