ഫിഫ ലോകകപ്പ്, ബ്രസീലിലേക്ക് പോകുമോ?
2022 ഫിഫ ലോകകപ്പ് ടൂർണമെന്റ് നവംബർ 20ന് തുടങ്ങാനിരിക്കെ, ഡിസംബർ 18ന് നടക്കുന്ന ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾക്കായി കൂടുതൽ അന്വേഷണം ബ്രസീലിൽ നിന്നാണത്രേ.
ഇതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല, ഇക്കൊല്ലം ബ്രസീൽ തന്നെ കപ്പടിക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. മിക്ക ബെറ്റിങ് സൈറ്റുകളും ഈ നിലക്കാണ് ബെറ്റുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുള്ളത്.
വലിയ വെല്ലുവിളി ഉണ്ടാകും എന്ന് കരുതപ്പെടാത്ത ഗ്രൂപ്പ് Gയിലാണ് ബ്രസീൽ ഉള്ളത്. അവരെ കൂടാതെ സ്വിസ്, കാമറൂൺ, സെർബിയ എന്നീ ടീമുകളും. ഈ നിലക്ക് ഗ്രൂപ്പ് മത്സരങ്ങൾ ബ്രസീലിനെ അധികം വ്യാകുലപ്പെടുത്തില്ല. അവരുടെ യഥാർത്ഥ കളി തുടങ്ങുക ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 മുതലാകും.
ബ്രസീൽ നിര കേമൻമാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിൽ തന്നെ മുന്നിൽ നെയ്‌മർ, വിനിഷ്യസ് ജൂനിയർ പിന്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരായ അലിസണും എഡേഴ്സണും. കസെമിരോ, ഫബിനോ, മാർക്കിനോസ്, ഗബ്രിയേൽ ജീസസ് തുടങ്ങിയവരും ടിറ്റെയുടെ ടീമിൽ ഉണ്ടാകും.
ഇത്തവണ ടീമുകൾക്ക് 26 കളിക്കാരെ കൊണ്ടു വരാം എന്ന് ഫിഫ പറഞ്ഞ സ്ഥിതിക്ക് 39കാരനായ ഡാനി ആൽവേസും ഇടം പിടിച്ചേക്കും. ഒക്ടോബർ ആദ്യ വാരത്തിൽ ടീം ലിസ്റ്റ് ഫിഫക്ക് കൊടുക്കണം, അതു വരെ ലിസ്റ്റ് വെട്ടിയും തിരുത്തിയും ടിറ്റെ കൊണ്ടു നടക്കും. ഏതാണ്ട് 90% കളിക്കാരുടെ പേരുകൾ ഇപ്പോൾ തന്നെ കോച്ച് ഉറപ്പിച്ചിട്ടുണ്ടാകും, ബാക്കി പത്തിന് സമയമുണ്ട്.
ആരാധകരുടെ കാര്യത്തിൽ ബ്രസീൽ ടീമിന് സ്വന്തം രാജ്യം കഴിഞ്ഞാൽ കൂടുതൽ പേർ ഇന്ത്യയിൽ നിന്നാകും. അതിൽ കൂടുതലും നമ്മുടെ കൊച്ചു കേരളത്തിലും. അവർ എല്ലാവരും വലിയ ആവേശത്തിലാണ്. 2002ന് ശേഷം ഫൈനൽ കണ്ടിട്ടില്ലാത്ത തങ്ങളുടെ ടീം ഇത്തവണ കപ്പടിക്കും എന്നുറപ്പിച്ചാണ് ആരാധകർ നടക്കുന്നത്.
കേരളത്തിലെ ബ്രസീൽ ഫ്ലെക്സുകൾ അടുത്ത മാസത്തോടെ ഉയർന്ന് തുടങ്ങും, ടീം ലൈനപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് അവർ.