സെവിയ്യയുടെ പ്രതിരോധ താരം ജൂൾസ് കുണ്ടെക്ക് വേണ്ടിയുള്ള ചെൽസിയുടേയും ബാഴ്‌സയുടെയും ശ്രമങ്ങൾ കൂടുതൽ ശക്തമാവുന്നു. ഇരു വമ്പന്മാരും ഫ്രഞ്ച് താരത്തെ എത്തിക്കുന്നത് മുഖ്യ പരിഗണനയായിട്ടാണ് കാണുന്നത്. എങ്കിലും സെവിയ്യ ആവശ്യപ്പെടുന്ന ഉയർന്ന തുകയാണ് പ്രശ്നമായി തുടരുന്നത്. കഴിഞ്ഞ ദിവസം ചെൽസി നൽകിയ ഓഫർ സെവിയ്യ തള്ളി. 55 മില്യണിന്റെ ഓഫർ ആണ് ചെൽസി സമർപ്പിച്ചത്.
65 മില്യൺ ആണ് താരത്തിനെ വിട്ട് നൽകുന്നതിന് വേണ്ടി സെവിയ്യ പ്രതീക്ഷിക്കുന്നത്. ആദ്യ ഓഫർ സ്പാനിഷ് ടീം തള്ളിയെങ്കിലും ഉടനെ പുതുക്കിയ ഓഫറുമായി ചെൽസി വീണ്ടും സെവിയ്യയെ സമീപിക്കും.
അതേ സമയം ബാഴ്‌സലോണ ഇതു വരെ തങ്ങളുടെ ഔദ്യോഗിക ഓഫർ സമർപ്പിച്ചിട്ടില്ല. പക്ഷെ താരവുമായി തുടർച്ചയായി ചർച്ചകൾ നടത്തി വരുന്നുമുണ്ട്. ബാഴ്‌സലോണക്ക് വേണ്ടി കാത്തിരിക്കാൻ താരം തയ്യാറായെക്കുമെങ്കിലും കൈമാറ്റം അധികം വൈകുന്നത് കുണ്ടേ ഇഷ്ടപ്പെടുന്നില്ല. താര കമ്പോളത്തിൽ ഇറക്കാൻ വേണ്ട പണത്തിനായി ബാഴ്‌സ കണ്ടെത്തിയ വഴികൾ പൂർണ വിജയത്തിൽ എത്തുന്നതെ ഉള്ളൂ. അത് വരെ സെവിയ്യക്ക് മുൻപിൽ ഓഫർ നൽകാനും ബാഴ്‌സക്ക് സാധിക്കില്ല. ഇതോടെയാണ് കുണ്ടേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ചെൽസി ശക്തമാക്കുന്നത്. ഔദ്യോഗിക ഓഫർ തങ്ങളുടേത് ആണെന്നതിനാൽ സെവിയ്യയേയും താരത്തെയും ഓഫർ അംഗീകരിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെൽസി. കൈമാറ്റത്തിൽ പണത്തിന് പകരം താരങ്ങളെ ഉൾപ്പെടുത്തുന്നത് സെവിയ്യ പരിഗണിക്കുന്നില്ല എന്നതും ബാഴ്‌സക്ക് തിരിച്ചടിയായേക്കും. താരത്തിന് തങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കാനുള്ള നീക്കങ്ങളിലേക്കാവും ബാഴ്‌സ ഇനി കടക്കുക. ചെൽസി ആവട്ടെ എത്രയും പെട്ടെന്ന് പുതിയ ഓഫർ സമർപ്പിക്കാനും.