ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഗ്ലാമർ ഇനം ആയ വനിതകളുടെ 100 മീറ്റർ സ്പ്രിന്റിൽ ജമൈക്കൻ ആധിപത്യം. മൂന്നു മെഡലുകളും ഒളിമ്പിക്സിൽ എന്ന പോലെ അതേ ജമൈക്കൻ താരങ്ങൾ ഇവിടെയും തൂത്ത് വാരി. ലോക ചാമ്പ്യൻഷിപ്പ് സമയം ആയ 10.67 സെക്കന്റ് സമയം കുറിച്ച ഷെല്ലി ആൻ ഫ്രസിയർ പ്രൈസ് സ്വർണം നേടിയപ്പോൾ 10.73 സെക്കന്റ് കൊണ്ട് ഓടിയെത്തിയ ഷെറിക ജാക്സൺ വെള്ളിമെഡലും 10.81 സെക്കന്റ് കൊണ്ട് ഓട്ടം പൂർത്തിയാക്കിയ എലൈൻ തോംപ്സൺ ഹെറാ വെങ്കല മെഡലും സ്വന്തമാക്കി. 4 വ്യക്തിഗത ഒളിമ്പിക് മെഡലുകൾ സ്വന്തമായുള്ള ഷെല്ലിയുടെ ലോക ചാമ്പ്യൻഷിപ്പിലെ അഞ്ചാം വ്യക്തിഗത സ്വർണ മെഡൽ ആണ് ഇത്. പുതിയ റെക്കോർഡ് ആണ് ഇത്.
പുരുഷന്മാരുടെ മാരത്തോണിൽ ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് സമയം ആയ 2 മണിക്കൂർ 5 മിനിറ്റ് 36 സെക്കന്റ് കുറിച്ച തമിറാത് ടോള സ്വർണം നേടുന്നതും ഇന്ന് കാണാൻ ആയി. അതേസമയം നാടകീയ രംഗങ്ങൾ ആണ് പുരുഷന്മാരുടെ 110 മീറ്റർ സ്പ്രിന്റിൽ കാണാൻ ആയത്. വാം അപ്പിന് ഇടയിൽ ഒളിമ്പിക് ചാമ്പ്യൻ ജമൈക്കയുടെ ഹാൻസിൽ പാരച്മന്റിന് പരിക്കേറ്റപ്പോൾ ഈ സീസണിൽ മികച്ച സമയം കുറിച്ച ഡെവോൻ അലൻ ഫൗൾ തുടക്കം മൂലം റേസിൽ നിന്നു അയോഗ്യനാക്കപ്പെട്ടു. തുടർന്ന് നടന്ന റേസിൽ അമേരിക്കൻ താരം ഗ്രാന്റ് ഹോളോവേ തന്റെ സ്വർണം നിലനിർത്തിയപ്പോൾ അമേരിക്കയുടെ തന്നെ ട്ര കണ്ണിങ്ഹാം വെള്ളിയും സ്പാനിഷ് താരം അസിയർ മാർട്ടിനസ് വെങ്കലവും നേടി.
ഒളിമ്പിക്സിൽ വെള്ളി നേടിയ ഗ്രാന്റ് 13.03 സെക്കന്റിൽ ആണ് സ്പ്രിന്റ് പൂർത്തിയാക്കിയത്. അതേസമയം പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അമേരിക്കൻ ക്ലീൻ സ്വീപ് ആണ് കാണാൻ ആയത്. 2 തവണ ഒളിമ്പിക് ജേതാവും ലോക റെക്കോർഡ് ഉടമയും ആയ റയാൻ ക്രൗസർ 22.94 മീറ്റർ ദൂരം എറിഞ്ഞു സ്വർണം നേടിയപ്പോൾ 22.89 മീറ്റർ മീറ്റർ എറിഞ്ഞ നിലവിലെ ജേതാവ് ജോ കോവാക്സ് വെള്ളി മെഡലും ജോഷ് ഔടുന്റെ 22.29 മീറ്റർ ദൂരം എറിഞ്ഞു വെങ്കലവും നേടി. നിലവിൽ 6 സ്വർണം അടക്കം 14 മെഡലുകളും ആയി അമേരിക്ക മെഡൽ പട്ടികയിൽ ബഹുദൂരം മുന്നിലാണ്. 2 സ്വർണം അടക്കം 3 മെഡലുകളും ആയി എത്യോപ്യ ആണ് നിലവിൽ രണ്ടാമത്.