ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ഫിക്സ്ച്ചറുകൾ പുറത്ത് വന്നു. സെപ്റ്റംബർ 11 നു ആരംഭിക്കുന്ന വനിത സൂപ്പർ ലീഗിൽ ആദ്യ മത്സരദിനം തന്നെ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ ആണ്. നിലവിലെ ജേതാക്കൾ ആയ ചെൽസി വനിതകൾ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് വനിതകളെ ആണ് ആദ്യ മത്സരത്തിൽ നേരിടുക. അതേസമയം കഴിഞ്ഞ തവണ കിരീടം ഒരു പോയിന്റിന് മാത്രം നഷ്ടമായ ആഴ്സണൽ വനിതകൾ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി വനിതകളെ ആണ് ആദ്യ മത്സരത്തിൽ നേരിടുക. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം ഹോട്സ്പർ മത്സരവും ആദ്യ ദിനത്തിലെ വലിയ പോരാട്ടം ആണ്.
വനിത ചാമ്പ്യൻഷിപ്പ് ജയിച്ചു പുതുതായി വനിത സൂപ്പർ ലീഗിലേക്ക് എത്തിയ ലിവർപൂൾ വനിതകൾ ആദ്യ മത്സരത്തിൽ റെഡിങിനെ ആണ് നേരിടുക. സെപ്റ്റംബർ 25/26 നും മാർച്ച് 25/26 ദിനങ്ങളിൽ ആവും ആഴ്സണൽ, ടോട്ടൻഹാം നോർത്ത് ലണ്ടൻ ഡാർബി നടക്കുക. ജനുവരി 14/15, മെയ് 20/21 ദിനങ്ങളിൽ ആണ് എല്ലാവരും കാത്തിരിക്കുന്ന കിരീടം പോലും നിർണയിക്കാവുന്ന ആഴ്സണൽ, ചെൽസി പോരാട്ടം. ജനുവരി 15/16 നു ആവും ലീഗിലേക്ക് തിരിച്ചെത്തിയ ലിവർപൂളും വൈരികൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടം. സെപ്റ്റംബർ 11 നു തുടങ്ങുന്ന വനിത സൂപ്പർ ലീഗ് പോരാട്ടങ്ങൾക്ക് മെയ് 28 നു ആവും തിരശീല വീഴുക. സമീപ കാലത്തെ ചെൽസി ആധിപത്യത്തിന് തടയിടാൻ ആഴ്സണലിന് ആവുമോ എന്നത് തന്നെയാവും ഇത്തവണയും വനിത സൂപ്പർ ലീഗിൽ ഉയർന്നു കേൾക്കുന്ന പ്രധാന ചോദ്യം.