ബാഴ്സയുടെ ഫ്രഞ്ച് സെന്റർ ബാക് ക്ലമന്റ് ലെങ്ലെയെ ടോട്ടനം ടീമിൽ എത്തിച്ചു. ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ ആണ് സ്പർസ് ലെങ്ലെയെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കുന്നത്.താരത്തിന്റെ സാലറിയുടെ ഒരു നിശ്ചിത ശതമാനത്തിന് പുറമേ ലോൺ ഫീയും ടോട്ടനം കൈമാറും. കോന്റെയുടെ കീഴിൽ ടീം ശക്തിപ്പെടുത്തുന്ന സ്പഴ്സിന്റെ ഒരു ഇടങ്കാലൻ സെന്റർ ബാക്കിനായുള്ള അന്വേഷണമാണ് മുൻ സെവിയ്യ താരത്തിൽ എത്തിയത്.
ലെങ്ലെ ടീം വിടുന്നതോടെ സാലറി ഇനത്തിൽ കുറച്ചു തുക പുതിയ താരങ്ങൾക്ക് വേണ്ടിയും മാറ്റി വെക്കാൻ ബാഴ്സക്ക് സാധിക്കും. ലോകകപ്പിന് മുന്നോടിയായി കൂടുതൽ അവസരങ്ങൾ തേടുന്ന ഫ്രഞ്ച് താരവും ഈ കൈമാറ്റം മികച്ച അവസരമായാണ് കാണുന്നത്.ടോട്ടനം പരിശീലകൻ കോന്റെ താരവുമായി സംസാരിച്ചെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു.
ഒരിടക്ക് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കിയിരുന്ന ലെങ്ലെക്ക് ബാഴ്സക്കൊപ്പം അവസാന സീസണുകളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാൻ ആയിരുന്നില്ല.ആകെ ഇരുപത്തിയൊന്ന് ലീഗ് മത്സരങ്ങളിൽ മാത്രമാണ് അവസാന സീസണിൽ ടീമിനായി ഇറങ്ങിയത്. ക്രിസ്റ്റൻസണെ ബാഴ്സ ടീമിൽ എത്തിക്കുക കൂടി ചെയ്തതോടെ തനിക്ക് വീണ്ടും അവസരങ്ങൾ കുറയുമെന്നും ലെങ്ലെ മനസിലാക്കുന്നു.